സുരക്ഷാസൈനികര്‍ മന്ത്രിയെ വെടിവച്ചുകൊന്നു

somalia minister

സൊമാലിയയില്‍ സുരക്ഷാസൈനികര്‍ മന്ത്രിയെ വെടിവച്ചുകൊന്നു. ഭീകരനെന്ന് കരുതിയാണ് മുപ്പത്തൊന്നുകാരനായ അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ വെടിവച്ചത്. തലസ്ഥാനമായ മൊഗദിഷുവില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനുസമീപം വാഹനത്തില്‍ സഞ്ചരിക്കവെയാണ് മന്ത്രി ദുരന്തത്തില്‍പ്പെട്ടത്. സുരക്ഷാസേന പട്രോളിങ്ങിനിടെ ഒരു വാഹനം റോഡിനുകുറുകെ വന്നെന്നും ഭീകരരാണ് ഇതെന്ന് കരുതി നിറയൊഴിക്കുകയായിരുന്നെന്നും പൊലീസ് മേജര്‍ നുര്‍ ഹുസൈന്‍ പറഞ്ഞു.

അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന അബ്ദുള്ളാഹി നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സൊമാലിയയിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയില്‍ അദ്ദേഹം മന്ത്രിയുമായി. സംഭവമറിഞ്ഞ് പ്രസിഡന്റ് അബ്ദുള്ളാഹി മുഹമ്മദ് ഫര്‍മാജോ എത്യോപ്യ സന്ദര്‍ശനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

സിയാദ് ബാരെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട 1991 മുതല്‍ സൊമാലിയയില്‍ ആഭ്യന്തരസംഘര്‍ഷവും ഭീകരപ്രവര്‍ത്തനവും ശക്തമാണ്. അല്‍ഖായ്ദ ബന്ധമുള്ള അല്‍ ഷബാബ് ഗ്രൂപ്പാണ് പ്രധാന ഭീകരസംഘടന. സംഭ്രമത്തിലായ സുരക്ഷാസേന ഇതിനുമുമ്പും ഉദ്യോഗസ്ഥര്‍ക്കുനേരെ അബദ്ധത്തില്‍ വെടിയുതിര്‍ത്തിട്ടുണ്ട്.