Wednesday, December 4, 2024
HomeInternationalഇന്ത്യയുടെ ദേശീയഗാനം മുഴക്കി ഇസ്രയേല്‍ മോദിയെ സ്വീകരിച്ചു

ഇന്ത്യയുടെ ദേശീയഗാനം മുഴക്കി ഇസ്രയേല്‍ മോദിയെ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം ടെല്‍ അവീവിലെത്തിയത്. മോദിയെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. പ്രോട്ടോകോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ നേരിട്ടെത്തി.

ഇന്ത്യയുടെ ദേശീയഗാനം മുഴക്കിയാണ് ഇസ്രയേല്‍ നരേന്ദ്രമോദിയെ സ്വീകരിച്ചത്. ”ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താങ്കള്‍. ഒരു യഥാര്‍ഥ സുഹൃത്ത്. ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു” – മോദിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് നരേന്ദ്ര മോദി നന്ദി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പ്പാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നല്‍കുകയെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. സാധാരണ ഇന്ത്യന്‍ പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീനും സന്ദര്‍ശിക്കുമായിരുന്നു. എന്നാല്‍ മോദി ആ പതിവ് തെറ്റിച്ചു. നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലസ്തീനില്‍ പോകുന്നില്ല.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഇസ്രയേലില്‍ എത്തിയിരിക്കുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലാണ് മോദിയുടെ സന്ദര്‍ശനം. ആയുധ കച്ചവടമാണ് മോദിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇസ്രായേലില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments