Sunday, September 15, 2024
HomeKeralaവിവാഹം മുടക്കുകയെന്ന ഗൂഢാലോചനയോടെ നടിയുടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചു

വിവാഹം മുടക്കുകയെന്ന ഗൂഢാലോചനയോടെ നടിയുടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചു

നടിയെ തട്ടിക്കൊണ്ടുപോയി പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചതിന്റെ പിന്നിൽ അവരുടെ വിവാഹം മുടക്കുകയെന്ന ഗൂഢാലോചനയാണെന്നു അന്വേഷണത്തിൽ ഏറേക്കുറെ വ്യക്തമായി..ഇതിനു വേണ്ടി ക്വട്ടേഷനും ലഭിച്ചത് കൂടാതെ ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം കൈക്കലാക്കാം എന്നും പ്രതി സ്വയമായി തീരുമാനിച്ചിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.

പ്രതിശ്രുത വരൻ നൽകിയ വിവാഹ വാഗ്ദാന മോതിരം ഉൾപ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർബന്ധം പിടിച്ചുവെന്നു മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷൻ നൽകിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണ്. അതിക്രമത്തിന് ഇരയായ നടിയുടെ അഭിനയ – വ്യക്തി ജീവിതങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ അറിയാവുന്ന നടൻ ദിലീപ്, സംവിധായകൻ നാദിർഷാ എന്നിവരെ ചോദ്യം ചെയ്താൽ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഇവർ കുറ്റം ചെയ്തതിനുള്ള തെളിവുകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ, നാദിർഷാ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ചതും സുനിലുമായുള്ള മുൻപരിചയം സംബന്ധിച്ച ചോദ്യങ്ങൾക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നൽകിയതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെയാണ് ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുൻപരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകൾ പല ഭാഗത്തു നിന്നും ലഭിച്ചതോടെയാണ് അന്വേഷണ സംഘവും ദിലീപിനെ സംശയിച്ചത്. സുനിൽ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതായുള്ള ദിലീപിന്റെ പരാതിയും അന്വേഷണത്തിന്റെ മുന ഇവരിലേക്കു തിരിയാൻ വഴിയൊരുക്കി. എന്നാൽ, ഇവരുടെ അറസ്റ്റ് സംബന്ധിച്ചു സംഘത്തിൽ ഏകാഭിപ്രായമായിട്ടില്ല.

അതിക്രമത്തിന് ഇരയായ നടിയോടു വ്യക്തിപരമായി ശത്രുതയുള്ള ഒന്നിലധികം പേർ മലയാള സിനിമാരംഗത്തുണ്ടെന്ന സൂചനയാണ് പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. ക്വട്ടേഷൻ യഥാർഥത്തിൽ ആർക്കുവേണ്ടിയായിരുന്നു, ഒന്നിലധികം പേരുടെ താൽപര്യ പ്രകാരമാണോ സുനിലും സംഘവും കുറ്റകൃത്യം ചെയ്തത്, ക്വട്ടേഷന്റെ മറവിൽ നടിയെ നേരിട്ടു ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ സുനിൽ സ്വന്തം നിലയിൽ നീങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതോടെ മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചനയെങ്കിലും ഇത് അനന്തമായി നീളാനിടയില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments