കൊടുങ്ങല്ലൂരില്‍ ബിജെപി നേതാക്കള്‍ വീട്ടില്‍ യന്ത്രമുപയോഗിച്ച് അടിച്ചിറക്കിയ കള്ളനോട്ട് കണ്ണൂരിലും വിതരണം ചെയ്തതായി സൂചന ലഭിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം കേസിലെ ഒന്നാം പ്രതിയായ ബിജെപി കയ്പമംഗലം മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി എസ്എന്‍ പുരം അഞ്ചാംപരത്തി ഏരാശേരി രാഗേഷിനെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തൃശൂര്‍ ജില്ലയില്‍ വ്യാപകമായി കള്ളനോട്ട് വിതരണം നടന്നിട്ടുണ്ട്.
കള്ളനോട്ടും കുഴല്‍പ്പണവും വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്നുപേരെ പൊലീസ് ചോദ്യംചെയ്തു. കള്ളനോട്ട് കണ്ണൂരില്‍ വിതരണം നടന്നതായി ഇവരില്‍നിന്ന് ലഭിച്ച വിവരപ്രകാരമാണ് പ്രതിയെ അവിടെയെത്തിച്ചത്. നോട്ടുനിരോധനകാലത്ത് ഇതേ സംഘം പഴയ കറന്‍സി മാറി നല്‍കി കമ്മീഷന്‍ പറ്റിയിരുന്നു. ഈ സൂചന ലഭിച്ചതിനനുസരിച്ചാണ് ഇവരെ ചോദ്യംചെയ്തത്.
ബിജെപി നേതാക്കളായ രാഗേഷിനേയും സഹോദരന്‍ രാജീവിനേയും കസ്റ്റഡിയില്‍ വാങ്ങി ക്രൈംബ്രാഞ്ച് വിഭാഗം വിശദമായി ചോദ്യംചെയ്തു വരികയാണ്. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ടി ബാലനാണ് അന്വേഷണച്ചുമതല. കേസ് ഡയറി ലഭിച്ചശേഷം നോട്ട് വിതരണമുള്‍പ്പെടെ എല്ലാവശവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.