തീവ്രഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഊന്നിയാണ് മോഡിസര്‍ക്കാരിന്റെ വിദേശനയവും രാജ്യത്ത് സ്വീകരിക്കുന്ന നിലപാടുകളുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മോഡിസര്‍ക്കാരിന്റെ വിദേശനയത്തിനെതിരായ പ്രതിഷേധത്തെ രാജ്യത്ത് നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി കൂട്ടിയോജിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ പരമ്പരാഗത നയത്തിന് വിപരീതമായി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ, പ്രതിരോധ മേഖലകളിലെ സഹകരണം മാത്രമല്ല, മോഡിസര്‍ക്കാരും ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാരും തമ്മിലുള്ള സഹകരണത്തിന്റെ ഉള്ളടക്കം. തീവ്രഹിന്ദുത്വനയത്തില്‍ അധിഷ്ഠിതമായ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംഘപരിവാറും ഇസ്രയേലിലെ ജൂതതീവ്രവാദ ഭരണകൂടവും തമ്മിലുള്ള സഹകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യക്കും ഇവിടത്തെ ജനങ്ങള്‍ക്കും ഹാനികരമാണ്. വിനാശകരമായ ഇന്ത്യ-ഇസ്രയേല്‍ കൂട്ടുകെട്ടിനെതിരെ വിപുലമായ പ്രതിഷേധനിര ഉയര്‍ന്നുവരണമെന്നും കാരാട്ട് പറഞ്ഞു.
മനോജ് ഝാ (രാഷ്ട്രീയ ജനതാദള്‍), കൊമിത ദന്ത (ജനനാട്യ മഞ്ച്), പലസ്തീന്‍ ഐക്യദാര്‍ഢ്യസമിതി നേതാക്കളായ അച്ചിന്‍ വിനായക്, സുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്രയേല്‍ പലസ്തീന്‍ജനതയോട് തുടരുന്ന ക്രൂരത പ്രമേയമായ ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.