മരണം റജിസ്റ്റർ ചെയ്യാനും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജമ്മു കശ്മീർ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാവർക്കും ഈ തീരുമാനം ബാധകമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള റജിസ്ട്രാർ ജനറലിന്റെ ഒാഫിസാണ് പുതിയ പരിഷ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങളെ അറിയിച്ചത്. മരിച്ചയാളെക്കുറിച്ച് ബന്ധുക്കൾ നൽകുന്ന വിവരങ്ങൾ കൃത്യവും സത്യവുമാണെന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി. മരിച്ച വ്യക്തികളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ഇല്ലാതാക്കാൻ പുതിയ നീക്കം സഹായിക്കുമെന്നുമാണ് കരുതുന്നത്.
മുൻപ് മരണസർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മരിച്ചയാളുമായി ബന്ധപ്പെട്ട നിരവധി തിരിച്ചറിയിൽ രേഖകൾ ഹാജരാക്കേണ്ടിയിരുന്നു. പുതിയ നടപടിയോടെ ഇത് ഇല്ലാതാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. മരിച്ച വ്യക്തികളുടെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.