Friday, June 21, 2024
HomeKeralaനടന്‍ ദിലീപ് അഭിഭാഷകനെ മാറ്റുന്നു

നടന്‍ ദിലീപ് അഭിഭാഷകനെ മാറ്റുന്നു

അഭിനേത്രിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അഭിഭാഷകനെ മാറ്റുന്നു. പുതിയ അഭിഭാഷകനുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം. പുതിയ അഭിഭാഷകനെ കണ്ടുപിടിക്കാന്‍ ദിലീപ് അടുത്ത ബന്ധുക്കള്‍ക്കു നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്.

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല, കുറ്റകൃത്യത്തില്‍ ദിലീപിന്റെ കൂട്ടാളിയായ സുനില്‍രാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. എന്നാല്‍, ഈ രണ്ടുകാര്യങ്ങള്‍ക്കും നിലവില്‍ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുഖ്യ പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കി. അപ്പുണ്ണിയും പൊലീസിനു മൊഴിനല്‍കാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങള്‍ നിര്‍ണായകമാവും.

ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണു വാദത്തില്‍ നിര്‍ണായകമായത്. മജിസ്‌ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹര്‍ജികള്‍ തള്ളിയപ്പോള്‍ പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികള്‍ വസ്തുതാപരമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു പൊലീസ്. പക്ഷേ, ഫോണ്‍ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തില്‍ അവര്‍ക്കു വ്യക്തതയുമില്ല.

അതിനിടെ, നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. തിയറ്ററിനു നഗരസഭ നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യും. ഇതുസംബന്ധിച്ച നോട്ടീസ് തിയറ്റര്‍ അധികൃതര്‍ക്കു കൈമാറും. ഇന്നു മുതല്‍ തിയറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വരും. തിയറ്റര്‍ പ്രവര്‍ത്തനത്തിന് അഞ്ച് എച്ച്പി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള അനുമതിയാണു നഗരസഭ സെക്രട്ടറിക്കു നല്‍കുവാന്‍ സാധിക്കുകയെന്ന ചട്ടം നിലനില്‍ക്കേ കൂടുതല്‍ ശേഷിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനുമതി നല്‍കിയതായി ഭരണപക്ഷം ആരോപിച്ചു. ഡി സിനിമാസ് വിഷയത്തില്‍ നഗരസഭ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഇതു സംബന്ധിച്ചു വിജിലന്‍സിനു കത്ത് അയച്ചിട്ടില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments