ബിജെപി നേതാക്കളുടെ അഴിമതി തുറന്നു കാട്ടി യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മൈലപ്രയില്‍ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതാവ് വസ്തു ഉടമയോട് 5 ലക്ഷം രൂപ ആവശ്യപ്പട്ടതിനെതിരെ ലഭിച്ച പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് .
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ബി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ‘അക്രമങ്ങളുടെ പരമ്പരയായിരുന്നു… പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉറങ്ങിയിട്ടില്ല. പക്ഷേ, മൈലപ്രയില്‍ ചിലര്‍ക്ക് ഇത് പിരിവ് മഹോത്സവം. അഞ്ച് ലക്ഷം മതി! പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള ഭൂമി നികത്താന്‍ സംഭാവന. ഈ മാന്യന് ബിജെപി ചുമതലകളില്ല. പക്ഷേ ഉപയോഗിച്ചത് പാര്‍ട്ടിയിലെ ഉന്നത ബന്ധങ്ങളും!’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബിജെപിയിലെത്തിയ മൈലപ്ര സ്വദേശിയായ പ്രാദേശിക നേതാവ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കോന്നി ബ്ളോക്ക് ഡിവിഷനില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇയാളെ യുവമോര്‍ച്ചയുടെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടു വരാന്‍ ഒരു വിഭാഗം ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇയാളെ സംരക്ഷിക്കുന്ന ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ഇത്തരം പണപ്പിരിവ് നടത്തുന്നത് നേതൃത്വത്തിന് വേണ്ടിയാണെന്ന് ഒരു വിഭാഗം പറയുന്നു. ഭൂമി നികത്തുന്നതിന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഭൂഉടമ ജസ്റ്റിന്‍ പരാതി നല്‍കിയത് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് മനോജിന്റെ പക്കലായിരുന്നു. എന്നാല്‍, പണം ആവശ്യപ്പെട്ട പ്രാദേശിക നേതാവിന്റെ എല്ലാ ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കുന്ന നിയോജകമണ്ഡലം പ്രസിഡന്റ് പരാതി മുക്കിയതായി മറുപക്ഷം പറയുന്നു. പരാതി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വത്തോടുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. ജില്ലയിലും വ്യാജരശീത് ഉപയോഗിച്ച് പിരിവ് നടത്തിയതായി ഒരു പക്ഷം പറയുന്നുണ്ട്. ഗ്രൂപ്പ് പോര് രൂക്ഷമായതോടെ ഇരു വിഭാഗങ്ങളുടെയും പിരിവിന്റെയും തട്ടിപ്പിന്റെയും കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.