ഹെലി-ടാക്സി സർവിസ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെ.ഐ.എ) ഉടൻ സ്വന്തമാകും. നഗരത്തിലെ വിവിധയിടങ്ങളെ ബന്ധിപ്പിച്ചാണ് ഹെലികോപ്ടർ ടാക്സി സർവിസ് തുടങ്ങുന്നത്. മൂന്നു മാസത്തിനുള്ളിൽ ആദ്യ സർവിസ് ആരംഭിക്കുമെന്ന് നടത്തിപ്പുകാരായ തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
ആദ്യഘട്ടത്തിൽ കെ.ഐ.എയെയും ഇലക്ട്രോണിക്സ് സിറ്റിയെയും ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇലക്ട്രോണിക്സ് സിറ്റിയിലെ ഹെലിപാഡിെൻറ നിർമാണം ഉടൻ പൂർത്തിയാക്കും. വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം ഇലക്ട്രോണിക്സ് സിറ്റിയിലെത്താൻ ഒന്നര മണിക്കൂറെടുക്കും.
തിരക്കുള്ള സമയങ്ങളിൽ മൂന്നു മണിക്കൂർ വരെ വേണം. എന്നാൽ, ഹെലി ടാക്സി സർവിസ് ആരംഭിക്കുന്നതോടെ 15 മിനിറ്റ് മതിയാകും. ബംഗളൂരുവിലെ ഹെല് ടാക്സി സർവീസ് രാജ്യത്തെ മറ്റു നഗരങ്ങൾക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജയന്ത് സിൻഹ പറഞ്ഞു. ആറു പേർക്ക് കയറാവുന്ന ബെൽ 407 ഹെലികോപ്ടറാണ് സർവിസിന് ഉപയോഗിക്കുകയെന്ന് തുമ്പി ഏവിയേഷൻ ചീഫ് മാനേജിങ് ഡയറക്ടർ കെ.എൻ.ജി. നായർ പറഞ്ഞു.
വൈറ്റ്ഫീൽഡ്, എച്ച്.എ.എൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും ഭാവിയിൽ സർവിസ് ആരംഭിക്കും. അടിയന്തരഘട്ടങ്ങളിൽ രോഗികളെ കൊണ്ടുപോകാനും ഹെലി ടാക്സി സർവിസ് ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി ആർ.വി. ദേശ്പാണ്ഡെ വ്യക്തമാക്കി. നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ 90 ഹെലിപാഡുകളുണ്ട്. ഇത് പ്രവർത്തനസജ്ജമാക്കാനാണ് നീക്കം. നിരക്കിെൻറ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിൽ കെ.ഐക്കും ഇലക്ട്രോണിക്സ് സിറ്റിക്കും ഇടയിൽ 50 കിലോമീറ്റർ യാത്രക്ക് എ.സി ബസുകളിൽ 1,500 മുതൽ 2,500 രൂപവരെയാണ് നിരക്ക്.