2020-ഓടെ ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാൻ കര്‍ണാടക സര്‍ക്കാർ ഒരുങ്ങുന്നു

electric bus

കര്‍ണ്ണാടകയില്‍ ഇലക്‌ട്രിക് ബസുകള്‍ യാഥാര്‍ഥ്യമാകുന്നു. 2020-ഓടെ ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. 300 ഇലക്‌ട്രിക് ബസുകളാണ് ബംഗളൂരു തുടക്കത്തില്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

പദ്ധതി പ്രകാരം ഏസി ബസുകള്‍ക്ക് ഒരു കോടി രൂപയും നോണ്‍ ഏസി ബസുകള്‍ക്ക് 73 ലക്ഷം രൂപ സബ്സിഡിയും ലഭിക്കും. 2014-ല്‍ നിരത്തിലിറങ്ങുമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ബസുകള്‍ ഇറക്കാന്‍ താമസിച്ചതിനാല്‍ ആദ്യ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സബ്സിഡി തുകയായ 75 കോടി നഷ്ടമായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് പദ്ധതിയിലാണ് വൈദ്യുതി ബസ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയില്‍ 100 വൈദ്യുതി ബസുകള്‍ കര്‍ണാടക ആര്‍ടിസിക്കും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ലഭിക്കും. വിമാനത്താവള റൂട്ടുകളിലും മറ്റു റൂട്ടുകളിലും വൈദ്യുതി ബസുകള്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനം.