പ്രളയ ദുരിതാശ്വാസം: തിരിച്ചു നല്‍കേണ്ടത് അധികമായി ലഭിച്ച തുക: ജില്ലാ കളക്ടര്‍

2018-ലെ പ്രളയ ദുരിതാശ്വാസമായി അധികമായി അനുവദിച്ച തുകയാണ് കോഴഞ്ചേരി താലൂക്കിലെ 36 ഗുണഭോക്താക്കളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.  ഇതില്‍ 15 ഗുണഭോക്താക്കള്‍ തങ്ങള്‍ക്ക് അനര്‍ഹമായി ലഭിച്ച 6,45,000  രൂപാ തിരികെ അടച്ചുവെന്നും ബാക്കി 16,80,000 രൂപാ 21 ഗുണഭോക്താക്കളില്‍ നിന്നും തിരികെ ഈടാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ നടക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ അനര്‍ഹമായി കൈപ്പറ്റിയ ധനസഹായം  തിരികെ അടയ്ക്കുന്നതിനായി നോട്ടീസ് നല്‍കുന്നത് സ്വാഭാവിക നടപടിക്രമാണെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരം അനുവദിച്ച അര്‍ഹമായ തുകയ്ക്ക് പുറമേ അനര്‍ഹമായി കൈപ്പറ്റിയ അധിക തുക തിരികെ അടയ്ക്കുവാന്‍ എല്ലാ ഗുണഭോക്താക്കളും  നിയമപരമായി ബാധ്യസ്ഥരാണെന്നും കളക്ടര്‍ വ്യക്തമാക്കി.  ഇത്തരത്തില്‍ തിരുവല്ല താലൂക്കില്‍ 44 ഗുണഭോക്താക്കള്‍ക്കായി ആകെ 24,64,100 രൂപാ  അധികമായി അനുവദിച്ചിരുന്നു. അനര്‍ഹമായി കൈപ്പറ്റിയ ഈ തുക ഗുണഭോക്താക്കളില്‍ ഒക്ടോബര്‍ 30  തോടുകൂടി പൂര്‍ണ്ണമായും തിരികെ അടച്ചിരുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  പ്രളയം ജില്ലയില്‍ ഏറ്റവും രൂക്ഷമായി ബാധിച്ച കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് സമയബന്ധിതമായി തീര്‍പ്പാക്കുകയും അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രാഥമികമായി ലഭിച്ച പരാതിയിലെ പരിശോധനയുടെ അടിസ്ഥാനത്തില്‍ തുക അനുവദിച്ച ചില ഗുണഭോക്താക്കള്‍ അവര്‍ക്ക് കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ നഷ്ടപരിഹാരതുകയ്ക്ക് അര്‍ഹതയുണ്ടെന്നും സൂചിപ്പിച്ച് അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷകള്‍ പരിശോധിച്ചതില്‍ ചിലര്‍ക്ക് അര്‍ഹത ഉണ്ടെന്ന് കണ്ടെത്തി ഉയര്‍ന്ന തുക അനുവദിക്കുകയും ചെയ്തു. ഇത്തരത്തില്‍ രണ്ടാമത് ഉയര്‍ന്ന തുക അനുവദിച്ച കോഴഞ്ചേരി താലൂക്കിലെ 36 ഗുണഭോക്താക്കള്‍ക്ക് രണ്ടാമത് ഉയര്‍ന്ന തുക അനുവദിച്ചപ്പോള്‍ ആദ്യം അനുവദിച്ച തുക കിഴിച്ച് ബാക്കി തുക നല്‍കേണ്ടതിനു പകരം മൊത്തം തുകയും വീണ്ടും അനുവദിക്കുകയായിരുന്നു. ഇങ്ങനെ അധികമായി അനുവദിച്ച തുകയാണ് ഇപ്പോള്‍ തിരിച്ചു നല്‍കണമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.  ഇത്തരത്തില്‍ കോഴഞ്ചേരി താലൂക്കില്‍ 36 ഗുണഭോക്താക്കള്‍ക്കായി  ആകെ 23,25,000 രൂപാ  അധികമായി അനുവദിച്ചിരുന്നു. ഈ 36 ഗുണഭോക്താക്കളോട് രണ്ടു തവണ അനുവദിച്ച തുകയില്‍ നിന്നും പ്രാഥമികമായി അനുവദിച്ച തുക തിരിച്ചടയ്ക്കുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ 15 ഗുണഭോക്താക്കള്‍ തങ്ങള്‍ക്ക് അനര്‍ഹമായി ലഭിച്ച 6,45,000  രൂപാ തിരികെ അടച്ചു. ബാക്കി 16,80,000 രൂപാ 21 ഗുണഭോക്താക്കളില്‍ നിന്നും തിരികെ ഈടാക്കുന്നതിനുള്ള അടിയന്തര നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.    മാധ്യമ വാര്‍ത്തകളില്‍ വന്ന പരാതിക്കാരായ കോഴഞ്ചേരി വില്ലേജിലെ ഗിരീഷ് കുമാര്‍, പൊന്നമ്മ എന്നിവരുടെ പരാതി സംബന്ധിച്ച വിവരം ഇപ്രകാരമാണ്: കോഴഞ്ചേരി വില്ലേജിലെ കാഞ്ഞിരമണ്‍ മേലുകര ഗിരീഷ്‌കുമാറിന് 2019 ജനുവരി 24ന് 60,000 രൂപ ആദ്യം നല്‍കിയിരുന്നു. 2019 മേയ് 30ന് രണ്ടാമതായി 1,25,000 രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ ഇയാള്‍ക്ക് ലഭിച്ച തുക 1,85,000 രൂപയായി. വാസ്തവത്തില്‍ ഗിരീഷിന് രണ്ടാമത് ലഭിക്കേണ്ടിയിരുന്നത്  65,000 രൂപയായിരുന്നു. അങ്ങനെ മൊത്തത്തില്‍ 1,25,000 രൂപയ്ക്കാണ് ഗിരീഷിന് അര്‍ഹതയുള്ളത്. അധികമായി നല്‍കിയ 60,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്.  കോഴഞ്ചേരി വില്ലേജിലെ മേലുകര അവുതോണ്‍ വീട് പൊന്നമ്മ രാജന് 2019 ഫെബ്രുവരി 15ന് ആദ്യം 1,25,000 രൂപ അനുവദിച്ചിരുന്നു. 2019 മേയ് 30ന് രണ്ടാമതായി 2,50,000 രൂപകൂടി പൊന്നമ്മയ്ക്ക് അനുവദിച്ചു. ഇതോടെ ഇവര്‍ക്ക് ആകെ 3,75,000 രൂപ ലഭിച്ചു. വാസ്തവത്തില്‍ പൊന്നമ്മയ്ക്ക് രണ്ടാമത് ലഭിക്കേണ്ടിയിരുന്നത് 1,25,000 രൂപയായിരുന്നു. മൊത്തത്തില്‍ 2,50,000 രൂപയ്ക്കാണ് പൊന്നമ്മയ്ക്ക് അര്‍ഹതയുള്ളത്. അധികമായി നല്‍കിയ 1,25,000 രൂപയാണ് ഇവര്‍ തിരിച്ചടയ്‌ക്കേണ്ടത്.  2018 ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയില്‍ 694 വീടുകള്‍ പൂര്‍ണ്ണമായും, 23,033 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണ്ണമായും തകര്‍ന്ന 694 വീടുകളില്‍ 398 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കി 296 വീടുകളില്‍ 118 വീടുകള്‍ റൂഫ് ലെവലിലും, 51 വീടുകള്‍ ലിന്റല്‍ ലെവലിലും, 114 വീടുകള്‍ ബേസ്മെന്റ് ഘട്ടത്തിലുമാണ്. ഈ വീടുകളുടെ നിര്‍മ്മാണം ദ്രുത ഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍  സ്വീകരിച്ചു വരുന്നു. ഭാഗീകമായി തകര്‍ന്ന 23,033 വീടുകള്‍ക്കുള്ള ധനസഹായം പൂര്‍ണ്ണമായും നല്‍കിയിട്ടുള്ളതും ഇതിനായി 149 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതുമാണ്