ഫേസ്ബുക്കില്‍ ലൈക്ക് കിട്ടുന്നതിനായി കഞ്ചാവ് ചെടി പിടിച്ചുനില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാക്കള്‍ക്ക് പണി കൊടുത്ത് പോലീസ്. ചിത്രം ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണത്തിനൊടുവില്‍ യുവാക്കളെ കയ്യോടെ പൊക്കി. ശശികുമാര്‍ (22), കമല്‍ (35) എന്നിവരാണ് അറസ്റ്റിലായത്. റോയപ്പേട്ടയില്‍ താമസിക്കുന്ന കമലിനെ കാണാനെത്തിയ ശശികുമാറാണു കഞ്ചാവ് പിടിച്ചുനില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടത്. സ്വകാര്യ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രം കാണാനായിരുന്നു ലക്ഷ്യമെങ്കിലും പ്രൈവറ്റ് എന്ന ഓപ്പറേഷന്‍ സെറ്റ് ചെയ്യാന്‍ മറന്നുപോയി. ഇതോടെ, ഫേസ്ബുക്കില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടു. ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. രണ്ടു പേരും ലഹരി ഉപയോഗിക്കുന്നവരാണെങ്കിലും വില്‍പനയില്ലെന്നു പോലീസ് പറയുന്നു. വീടിന്റെ ടെറസിലെ പൂച്ചട്ടിയില്‍ കമല്‍ പാകിയ വിത്ത് വളരുകയായിരുന്നു. ഇത് കൗതുകത്തിനു വേണ്ടി ചെയ്തതാണെന്ന ഇയാളുടെ വാദം ശരിയാണെന്നു പോലീസ് കണ്ടെത്തി.