കണ്ണൂരിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടിച്ചു

കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം കസാനക്കോട്ടയില്‍ പുലിയിറങ്ങി. പുലിയുടെ അക്രമത്തില്‍ ഇതരസ്‌ഥാന തൊഴിലാളി അടക്കം അഞ്ചു പേര്‍ക്കു പരുക്കേറ്റു. രാത്രി വൈകി പുലിയെ മയക്കുവെടിവച്ച്‌ പിടിച്ചു.
കസാനക്കോട്ടയിലെ കുഞ്ഞന്‍ എന്ന ജഗദീഷ്‌ (38), അന്‍സീര്‍ (20), ഒറീസ സ്വദേശി മനാഫ്‌ (35), തായത്തെരുവിലെ മെഹറുവ വീട്ടില്‍ ലവീദ്‌ (42), വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മുഫീദ്‌ (32) എന്നിവര്‍ക്കാണു പരുക്കേറ്റത്‌.
ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട്‌ മൂന്നോടെയാണ്‌ സംഭവം. തായത്തെരു റെയില്‍വേ പാളത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ്‌ പുലിയെ ആദ്യം കണ്ടത്‌. ജഗദീഷിനെയാണ്‌ പുലി ആദ്യം ആക്രമിച്ചത്‌. ഇതു കണ്ട്‌ സമീപവാസികള്‍ ബഹളമുണ്ടാക്കിയതോടെ പുലില രക്ഷപ്പെട്ടു. പിന്നീട്‌ വീട്ടുപരിസരത്തു വച്ചാണ്‌ അന്‍സീറിനെ ആക്രമിച്ചത്‌. വീടിനു മുന്നില്‍ നിന്ന്‌ കാറ്‌ കഴുകുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന്‌ ഓടിയെത്തിയ പുലി ആക്രമിക്കുകയായിരുന്നു.
വൈകിട്ട്‌ അഞ്ചരയോടെ വനപാലകര്‍ പുലിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കുറ്റിക്കാട്ടിന്‌ സമീപമെത്തിയപ്പോഴാണ്‌ താല്‍ക്കാലിക ജീവനക്കാരന്‍ പറശിനിക്കടവ്‌ സ്വദേശി മുഫീദിനു പരുക്കേറ്റത്‌.