കൂത്താട്ടുകുളത്ത് സ്കൂൾ വാൻ മതിലിലിടിച്ച് മൂന്ന് പേർ മരിച്ചു

കൂത്താട്ടുകുളത്ത് വാൻ മതിലിലിടിച്ച് രണ്ട് സ്കൂൾ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികളായ ആൻമരിയ ഷിജി (7)​,​ നയന ദിലീപ് (7)​ എന്നിവരാണ് മരിച്ചത്. വാനിന്റെ ഡ്രൈവർ ജോസും മരിച്ചു. 15 കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

പുതുവേലിയിൽ രാവിലെ 8.45ഓടെയാണ് അപകടം നടന്നത്. സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ വാനാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. മരിച്ച കുട്ടികൾ വാനിന്റെ മുൻവശത്താണ് ഇരുന്നത്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റ കുട്ടികളെ പുറത്തെടുത്തത്. അപകടത്തിൽ മരിച്ച ജോസ് ജേക്കബിന്റെ സ്വന്തം വാഹനമാണിത്. കരാർ അടിസ്ഥാനത്തിൽ സ്കൂളിനുവേണ്ടി സർവീസ് നടത്തിവരികയായിരുന്നു.  ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പുലർച്ചെ പത്രവിതരണം നടത്തിയ ശേഷമാണ് ജോസ് വാനുമായി വിദ്യാർത്ഥികളെ കൊണ്ടുപോവാൻ എത്തിയത്. ജോസ് തന്നെയാണ് വാഹനത്തിന്റെ ഉടമ. മൃതദേഹങ്ങൾ കൂത്താട്ടുകളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.