Friday, April 19, 2024
HomeKeralaബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും നാലാം ദിവസമായ ഇന്നലെയും അണയ്ക്കാനായില്ല.

ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും നാലാം ദിവസമായ ഇന്നലെയും അണയ്ക്കാനായില്ല.

കൊച്ചി ∙ ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും നാലാം ദിവസമായ ഇന്നലെയും അണയ്ക്കാനായില്ല. കടുത്ത ആരോഗ്യപ്രശ്നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. ഇന്നെങ്കിലും തീ അണയ്ക്കാനാകുമെന്നാണു പ്രതീക്ഷ.
വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കു മാറ്റമില്ല.

ബ്രഹ്മപുരത്തിനു ചുറ്റുമുള്ള പഞ്ചായത്തുകളിലും കൊച്ചി കോർപറേഷനിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര നഗരസഭകളിലും ഇന്നലെയും വിഷപ്പുക പടർന്നു. രാവിലെ എട്ടായപ്പോഴേക്കും റോഡിൽ കാഴ്ച മറഞ്ഞു. വൈറ്റില, മരട്, കുണ്ടന്നൂർ ഭാഗങ്ങളിൽ തൊട്ടടുത്തുള്ള ആളെപ്പോലും കാണാനാകുമായിരുന്നില്ല
തീയണയ്ക്കലിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഏകോപനസമിതിക്കു രൂപം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവലോകനയോഗത്തിനു ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു

ഒട്ടേറെപ്പേർക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ശ്വാസംമുട്ടൽ, ഛർദി, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനു സമീപമുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളിൽ ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ സജ്ജമാണ്. ആരോഗ്യ വകുപ്പ് 2 കൺട്രോൾ റൂമുകൾ തുറന്നു. എല്ലാവരും എൻ95 മാസ്ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ബ്രഹ്മപുരത്തേക്ക് ഇന്നലെ മാലിന്യവുമായെത്തിയ ലോറികൾ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മാലിന്യ നീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്താനാണു തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments