വാര്‍ത്തകള്‍ക്കുവേണ്ടി പത്രങ്ങളെ മാത്രം ആശ്രയിച്ച കാലമുണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍മാരും, ഫാക്ട് ചെക്കര്‍മാരും (ഒരു വിവരം ശരിയാണോ തെറ്റാണോ എന്ന നോക്കുന്നവര്‍), എഡിറ്റര്‍മാരും ഒക്കെ കൈവച്ചാണ്’ഒരു വാര്‍ത്ത അച്ചടിമാധ്യമങ്ങളില്‍ വരുന്നത്. ഇതുകൊണ്ട് വാര്‍ത്തകള്‍ ഒട്ടുമിക്കപ്പോഴും അക്ഷരംപ്രതി ശരിയാണ്.
ഡിജിറ്റല്‍യുഗത്തില്‍ ആര്‍ക്കും വാര്‍ത്ത എഴുതാം, ഒരുപക്ഷെ തെറ്റായവാര്‍ത്തകളും നിര്‍മിക്കാം. ഒരു വെബ്സൈറ്റോ ആപ്പോ ഒക്കെ ഉണ്ടെങ്കില്‍ പത്രാധിപരാകാം. ഇതൊന്നും കൂടാതെതന്നെ സോഷ്യല്‍ മീഡിയയില്‍ എന്തുപറഞ്ഞാലും വള്ളിപുള്ളിവിടാതെ വിഴുങ്ങുന്നവരാണ് പലരും. ഭാവനയില്‍ തോന്നുന്ന രീതിയില്‍ വാര്‍ത്ത എഴുതാം. ഒരാളുടെ അല്ലെങ്കില്‍ ഒരുകൂട്ടം ആളുകളുടെ രാഷ്ട്രീയ, വാണിജ്യ, സാമൂഹിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നിര്‍മിക്കുകയോ വളച്ചൊടിക്കുകയോ ഒക്കെ ഇന്ന് എളുപ്പമാണ്. വാര്‍ത്തകളുടെ സ്രോതസ്സ് പത്രങ്ങളും ചാനലുകളും മാത്രമല്ല. ഒരുപക്ഷെ പത്രങ്ങളെക്കാള്‍ സ്വാധീനം ഇത്തരം ഡിജിറ്റല്‍ കോളാമ്പികള്‍ക്കുണ്ട്. ക്ളിക്കിനുവേണ്ടിയുള്ള മത്സരത്തില്‍ ഇത്തരം ഔട്ട്ലെറ്റുകള്‍ പലതും ധര്‍മം എന്തെന്നുപോലും മറന്നുപോകുന്നു.
ഇതൊക്കെ കൂടാതെ നിങ്ങള്‍ക്കു വേണ്ടതരത്തിലുള്ള വാര്‍ത്തകള്‍ മാത്രമേ നിങ്ങള്‍ കാണുകയുള്ളൂ. ഫെയ്സ്ബുക്കിന്റെയും പല വെബ്സൈറ്റുകളുടെയും അല്‍ഗോരിതം അങ്ങനെമയാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് എന്താണ് ഇഷ്ടമെന്ന് മനസ്സിലാക്കിയാല്‍ അതുപോലത്തെ വാര്‍ത്തകള്‍ മാത്രമേ നിങ്ങളെ കാണിക്കൂ. ഇത്തരം ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍ മാത്രം കാണിച്ച് നമ്മള്‍ ‘വാര്‍ത്തയുടെ’ മറ്റേവശം അറിയാതെപോകുന്നു.
ഇതില്‍നിന്ന് ലോകത്തെ രക്ഷിക്കാനാണ് വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വേല്‍സ് വിക്കി ട്രിബ്യൂണ്‍ എന്ന വെബ്സൈറ്റ് വിഭാവനംചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകരും, വളന്റിയര്‍മാരും ഒക്കെ ചേര്‍ന്ന് എഴുതുകയും തിരുത്തുകയും ഒക്കെ ചെയ്ത വാര്‍ത്തകളാകും ഇതില്‍. കൂടാതെ വിക്കിപീഡിയ പോലെ ആര്‍ക്കുംതിരുത്താന്‍കഴിയുന്ന വാര്‍ത്താ സൈറ്റ് ആകും വിക്കി ട്രിബ്യൂണ്‍.
പരസ്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഈ വെബ്സൈറ്റ് നിങ്ങളുടെ മുന്നില്‍ എത്തിക്കാനുള്ള ധനസമാഹരണം നടക്കുകയാണ്. https://www.wiktiribune.com എന്ന സൈറ്റില്‍ ചെന്നാല്‍ ആര്‍ക്കും ഈ സംരംഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം അറിയാം.