സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയ ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തു പുനർനിയമിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ഉത്തരവ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. കേരള പോലീസ് മേധാവിയായി ടി.പി. സെൻകുമാറിനെ പുനർനിയമിക്കണമെന്ന ഉത്തരവിൽ വ്യക്തത തേടി നൽകിയ ഹർജിയാണ് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടിയായത്. തങ്ങളുടെ ഉത്തരവിൽ യാതൊരു വിധത്തിലുമുള്ള വ്യക്തതക്കുറവും ഇല്ലെന്നു ഹർജി തള്ളിക്കൊണ്ടു കോടതി പറഞ്ഞു. സർക്കാരിന്റെ ഹർജിയിൽ വാദം തുടങ്ങിയപ്പോൾ മുതൽ കോടതിയുടെ വിമർശനമുണ്ടായി. ഇത്തരത്തിലൊരു ഹർജി നൽകിയതിനു രൂക്ഷ വിമർശനവും നടത്തി. പുറമേ, 25,000 രൂപ കോടതിച്ചെലവും പിഴയായി അടയ്ക്കാൻ ജസ്റ്റീസുമാരായ മദൻ ബി. ലോക്കൂർ, ദീപക് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചു. ഒരാഴ്ചയ്ക്കകം പിഴ ഒടുക്കണം.
ലീഗൽ സർവീസസ് കമ്മിറ്റിയിലാണു പിഴ അടയ്ക്കേണ്ടത്. ആ തുക കുട്ടികളുടെ നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചു. കോടതി ഉത്തരവു നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതിനു ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജിയിൽ നോട്ടീസ് അയയ്ക്കാനും പരമോന്നത കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസ് ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവു കേരള സർക്കാർ നടപ്പാക്കിയില്ലെങ്കിൽ അതു നടപ്പാക്കിയെടുക്കാൻ അറിയാമെന്നു വരെ കോടതി പറഞ്ഞു.
സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവിൽ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറാകും.