ബീക്കണ്‍ ലൈറ്റ് മാറ്റിയതുകൊണ്ട് വിഐപി സംസ്കാരം മാറില്ല: സ്പീക്കർ

ramkrishnan

ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് മാറ്റിയതുകൊണ്ട് വിഐപി സംസ്കാരം മാറില്ലെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അധികാരത്തിന്റെ മത്തിന് പകരം വിനയമെന്ന ബോധം മനസിലുണ്ടായാല്‍ മാത്രമേ ഇതിന് പരിഹാരമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക പ്രതിഭാസമാണ് അധികാരം . ഇന്നല്ലെങ്കില്‍ നാളെ താഴെയിറങ്ങേണ്ടിവരും.ഇങ്ങനെ ചിന്തിച്ചു പ്രവർത്തിച്ചാൽ വിഐപി സംസ്കാരം ഇല്ലാതാകും. മലപ്പുറം ടൌണ്‍ഹാളില്‍ റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം ഡ്രൈവേഴ്സ് മീറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

റോഡപകടങ്ങളുടെ ഹബ്ബായി കേരളം മാറിയിട്ടുണ്ട്. ഗതാഗത നിയമം ലംഘിക്കാനുള്ള പ്രവണത എല്ലാവരിലും വളരുന്നു.അപകടങ്ങള്‍ ഒഴിവാക്കി പതിയെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരോട് യാത്രക്കാര്‍ വേഗതകൂട്ടാന്‍ ആവശ്യപ്പെടുന്നത് സ്ഥിരംകാഴ്ചയാണ്. കൊടും വളവുകളില്‍ ചീറ്റപ്പുലിയെപോലെ ഒളിച്ചിരുന്ന് വാഹനങ്ങളെത്തുമ്പോള്‍ ഓടിച്ചിട്ട് പിടികൂടി പരിശോധന നടത്തുന്ന പൊലീസ് സംവിധാനവും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പൊലീസിന്റെ ഇത്തരം പ്രവൃത്തികള്‍ അപരിഷ്കൃതമാണെന്ന് വിമര്‍ശനമുണ്ടായാലും മാറ്റമുണ്ടാകുന്നില്ല. അപകടമില്ലാതെ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്- സ്പീക്കര്‍ പറഞ്ഞു.