Wednesday, December 4, 2024
HomeNationalമോഡിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി 1100 കോടി സര്‍ക്കാര്‍ ചെലവഴിച്ചു

മോഡിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി 1100 കോടി സര്‍ക്കാര്‍ ചെലവഴിച്ചു

നരേന്ദ്ര മോഡി പ്രധാനമന്ത്രിപദത്തില്‍ 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ നരേന്ദ്ര മോഡിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി 1100 കോടി ചെലവഴിച്ചതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. ഒരു ദിവസം ഒരു കോടി രൂപയിലേറെ പരസ്യത്തിനായി ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ സമ്മതിച്ചത്.

ന്യൂഡല്‍ഹിയിലെ പ്രധാന തെരുവുകളിലെ ടോയ്ലറ്റുകളുടെ ചുമരുകളിലും മെട്രോ സ്റ്റേഷനുകളിലും ട്രെയിന്‍ കോച്ചുകള്‍ക്കുള്ളിലും തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലുംവരെ മോഡിയുടെ തലവച്ച പരസ്യങ്ങള്‍കൊണ്ട് നിറയ്ക്കാനും എസ്എംഎസ്, ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റ്, കമ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ടെലികാസ്റ്റ് എന്നീ മേഖലകളിലും പരസ്യം നല്‍കുന്നതിന് ചെലവിട്ട തുകമാത്രമാണ് മറുപടിയില്‍ രേഖപ്പെടുത്തിയത്. സ്വന്തം പ്രചാരണത്തിന് പണം ചെലവിടുന്ന കാര്യത്തില്‍ നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കടത്തിവെട്ടിയിരിക്കയാണ്. ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവിട്ടത് 800 കോടി രൂപയ്ക്കു തുല്യമായ തുകമാത്രമാണ്.

സര്‍ക്കാര്‍ കലണ്ടറുകളിലും ഡയറികളിലും മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റി മോഡിയുടെ തല വച്ചതിന്റെയും ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയില്‍ പരസ്യം നല്‍കിയതിന്റെയും ചെലവ് ഇതിലുള്‍പ്പെടുന്നില്ല. 2014 മുതല്‍ 2016 വരെയുള്ള കണക്കാണ് ഇതുവരെ നല്‍കിയത്. മറ്റുവിഭാഗങ്ങളിലെ പരസ്യച്ചെലവും 2017 മെയ്വരെയുള്ള ആറുമാസത്തെ മൊത്തം പരസ്യച്ചെലവുംകൂടി ഉള്‍പ്പെടുത്തിയാല്‍ തുക ഇതിലും എത്രയോ വര്‍ധിക്കും.

ആറുമാസംമുമ്പത്തെ കണക്കാണ് ഈ 11,000 കോടിയുടേത്.2016 ആഗസ്ത് 29ന് ഗ്രേറ്റര്‍ നോയ്ഡയിലെ രാംവീര്‍ തന്‍വര്‍ ആര്‍ടിഐ നിയമപ്രകാരം വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു നല്‍കിയ അപേക്ഷയിലാണ് ഈ കണക്കുള്ളത്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ മൊത്തം വിഹിതം മോഡി അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പുള്ള 2013-14 വര്‍ഷം 38,551 കോടി രൂപയായിരുന്നു. മോഡി സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഈ തുക 36,026 കോടിയായി കുറച്ചു. തൊട്ടടുത്ത വര്‍ഷം 37,485 കോടിയാക്കി. രാജ്യത്തെ ദരിദ്ര തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന ഇത്തരം പദ്ധതികളെ അവഗണിച്ചാണ് മോഡിയുടെ വ്യക്തിമാഹാത്മ്യം ഊതിവീര്‍പ്പിക്കാനായി ദിവസം ഒരു കോടി രൂപയിലേറെ ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ ചെലവിട്ടത്. പരസ്യച്ചെലവ് ഈവിധം മുന്നേറുകയാണെങ്കില്‍ മോഡി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ മൂവായിരം കോടിയിലേറെ രൂപ ഈയിനത്തില്‍ ചെലവാക്കാനാണ് സാധ്യത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments