ശബരിമലയിലെ കാണിക്ക വഞ്ചിയില്‍ നിന്നും പാകിസ്താന്‍ കറന്‍സി നോട്ട് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന്. പലതായി മടക്കിയ 20 രൂപയുടെ പാകിസ്താന്‍ നോട്ടാണ് ഇന്ത്യന്‍ കറന്‍സികളുടെ കൂടെ കണ്ടെത്തിയത്. ജൂണ്‍ 28 കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായി തുറന്നപ്പോഴാണ് നോട്ട് കണ്ടെത്തിയത്.
വിവിധരാജ്യങ്ങളില്‍ നിന്നുള്ള നോട്ടുകള്‍ ശബരിമല കാണിക്ക വഞ്ചിയില്‍ നിന്നും കണ്ടെത്തുന്നത് പതിവാണെങ്കിലും പാകിസ്താനി രൂപ ആദ്യമായിട്ടാണ് കിട്ടുന്നത്. നോട്ടുമായി ബന്ധപ്പെട്ട് എല്ലാത്തരത്തിലുമുള്ള അന്വേഷണത്തിലാണ് പോലീസ്. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്ന് പത്തനംതിട്ട പോലീസ് ഉന്നതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സമര്‍പ്പിക്കും. സുരക്ഷാ ക്യാമറ വഴിയുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
അതേസമയം കാര്യം കുസൃതിയാണോയെന്നും സംശയമുണ്ടെങ്കിലും എന്തെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടോയെന്ന് പോലീസ് നാലു മൂലകളും പരിശോധിച്ച ശേഷമേ നിഗമനത്തില്‍ എത്തിച്ചേരു. കൂടുതല്‍ നടപടിക്കായി ഈ പാകിസ്താന്‍ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഫോര്‍വേഡ് ചെയ്യും. മുമ്പും വിദേശരാജ്യങ്ങളിലെ കറന്‍സികള്‍ ഹുണ്ടികയില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അത് മിക്കവാറും ഡോളറുകളോ പൗണ്ടുകളോ ദിര്‍ഹമോ റിയാലോ ഒക്കെ ആയിരിക്കും. അവ ധനലക്ഷ്മി ബാങ്കിലേക്ക് അയച്ച് മാറിയെടുത്ത് ശബരിമല ദേവസ്വംബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് മാറ്റാറാണ് പതിവ്. അതേസമയം പാകിസ്താന്‍ നോട്ടുകള്‍ മുമ്പും ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ട്.
അതിര്‍ത്തിക്ക് സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്നുമാണ് ഇങ്ങിനെ കിട്ടിയിട്ടുള്ളത്. എന്നിരുന്നാലും അത്തരം നോട്ടുകള്‍ കേരളത്തില്‍ കിട്ടുന്നത് വളരെ വിരളമാണ്. ഇപ്പോള്‍ ശബരിമല ക്ഷേത്രത്തില്‍ നിന്നും നോട്ട് കിട്ടിയത് കനത്ത സുരക്ഷാ ഭീഷണിയായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.