ട്യൂഷന്റെ മറവില്‍ മകൾ കാമുകനൊപ്പമാണെന്ന് നാട്ടുകാർ;പിതാവ് മകളെ കൊന്നു

deepali

പതിനാറുകാരിയായ മകളെ വെടിവെച്ച് കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഉറിയിലാണ് സംഭവം . ട്യൂഷന്റെ മറവില്‍ മകൾ കാമുകനൊപ്പമാണെന്ന് നാട്ടുകാർ കളിയാക്കിയതിനാണ് പിതാവ് നിറയൊഴിച്ചത്. കോട്‌വാലി സ്വദേശി ദയാശങ്കര്‍ ആണ് മകള്‍ ദീപാലിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മകളെ വാടകവീടിന്റെ ടെറസില്‍ എത്തിച്ചശേഷം നിറയൊഴിക്കുകയായിരുന്നു. ദയാശങ്കറിന്റെ ആത്മഹത്യാശ്രമത്തിനിടെ ഇളയ സഹോദരിക്കും വെടിയേറ്റു. കുട്ടിയെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെടിയൊച്ച കേട്ട് സമീപവാസികള്‍ ഓടിയെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദീപാലിയുടെ മരണം സംഭവിച്ചിരുന്നു. ഇളയ സഹോദരി അപകട നില തരണം ചെയ്തിട്ടുണ്ട്. ദയാശങ്കര്‍ ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. മകളെക്കുറിച്ചുള്ള അപവാദങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് ദയാശങ്കര്‍ മൊഴി നല്‍കി. ദീപാലി ട്യൂഷനെടുത്ത് വരുമാനം നേടുന്നുണ്ടായിരുന്നു. എന്നാല്‍ ട്യൂഷന്റെ മറവില്‍ ദീപാലി കാമുകനൊപ്പം സമയം ചെലവഴിക്കുന്നതായി ഗ്രാമവാസികള്‍ പ്രചരിപ്പിച്ചു. കൂടാതെ മകളുടെ വരുമാനം ഉപയോഗിച്ച് ജീവിതം നയിക്കുന്ന ദയാശങ്കറിനെ പരിഹസിക്കുകയും ചെയ്തിരുന്നു. മകള്‍ക്കെതിരെ ഇത്തരം അപവാദ പ്രചരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അവളെ ഉപദേശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ടെറസിലേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ദീപാലി ചെവിക്കൊണ്ടില്ലെന്നും ആ നിമിഷത്തെ ദേഷ്യത്തില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മകളെ വെടിവെച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയത് ദയാശങ്കറാണെന്ന് കാണിച്ച് ഭാര്യ രശ്മി പൊലീസില്‍ പരാതി നല്‍കി.