ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏജന്റായ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് തന്നെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്ത മലയാളി. അഫ്ഗാനിസ്ഥാനിലുള്ള അബ്ദുള്‍ റഷീദ് അവിടെയെത്താന്‍ ആവശ്യപ്പെട്ടതായി ആലപ്പുഴ സ്വദേശി ബാസിൽ ഷിഹാബ് വെളിപ്പെടുത്തി. ഇതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഇയാൾ പറഞ്ഞു.
ഐഎസുമായി തുടർച്ചയായി ആശയവിനിമയം നടത്തിയ മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസമാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. മലയാളിയെ കൊച്ചിയിലും മറ്റുള്ളവരെ കോയമ്പത്തൂരിലുമാണ് എൻഐഎ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ സ്വദേശി അടക്കം കസ്റ്റഡിയിലുള്ളവരുടെ കയ്യിൽ നിന്ന് 10 മൊബൈൽ ഫോൺ, നാല് ലാപ്ടോപ്, രണ്ട് ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, ഒരു പെൻഡ്രൈവ്, മൂന്നു മെമ്മറികാർഡ്, 77 ഡിവിഡികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇവയുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തും. ആലപ്പുഴ സ്വദേശി അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂർ പാനൂർ കനകമലയിൽ ഐഎസ് ഘടകം– ഉമർ അൽ ഹിന്ദി– നടത്തിയ രഹസ്യയോഗത്തിൽ പങ്കെടുത്തവരുമായി പിടിയിലായവർക്ക് അടുപ്പമുണ്ടായിരുന്നു. ഭീകരപ്രവർത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്കു കടന്ന ഐഎസ് അംഗങ്ങളുമായും ഇവർ ആശയവിനിമയം നടത്തിയിരുന്നു. കനകമല അറസ്റ്റിനുശേഷം കേരളത്തിലെ ഐഎസ് മൊഡ്യൂൾ നിർജീവമാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടയിലാണു സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇവരുടെ പ്രവർത്തനം ശ്രദ്ധയിൽ പെട്ടത്.