Friday, April 26, 2024
HomeKeralaപഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും സഭ ഒഴിവാക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര

പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും സഭ ഒഴിവാക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര

മഠത്തില്‍നിന്ന് തന്നെ പുറത്താക്കിയ സഭയുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച്‌ മാറേണ്ട സമയം അതിക്രമിച്ചെന്നും ഭൂമി കുംഭകോണങ്ങളിലും ബലാല്‍സംഗക്കേസുകളിലും സഭാ അധികൃതര്‍ പ്രതികളാവുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നുവെന്നും അപ്പീലില്‍ പറയുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാനടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചു സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം നേരെത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉന്നത സഭാ അധികാരികള്‍ക്ക് സിസ്റ്റര്‍ വീണ്ടും അപ്പീല്‍ നല്‍കിയിരിക്കുന്നത്.

തനിക്ക് പറയാനുള്ളത് സഭ കേള്‍ക്കണം. കാര്‍ വാങ്ങിയതും ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയതും കവിതയെഴുതിയതും തെറ്റായി കരുതാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ല. കേരളത്തില്‍ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതിലഭിക്കാന്‍ ഇനിയും വൈകുന്നത് അനീതിയാണ്. തനിക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ ഭാഗമായി തന്നെ തുടരാനാണ് താല്‍പര്യം.

ഒരുതരത്തിലും സഭ അത് അനുവദിക്കുന്നില്ലെങ്കില്‍ തനിക്ക് കന്യാസ്ത്രീയായി തന്നെ തുടരാന്‍ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധസൗകര്യങ്ങളും ഒരുക്കിനല്‍കണം. അല്ലെങ്കില്‍ താനിതുവരെ സഭയ്ക്ക് നല്‍കിയ വരുമാനമടക്കം തിരിച്ചുനല്‍കണമെന്നും 12 പേജുള്ള അപ്പീലില്‍ സിസ്റ്റര്‍ ലൂസി കളപ്പുര ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments