ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളെ സ്ഥലം മാറ്റുമ്പോള്‍; ഇളവുകള്‍ പരിഗണിക്കണം

ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുമ്പോള്‍ അത്തരക്കാര്‍ക്ക് ഇളവ് അനുവദിച്ച് ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വകുപ്പുമേധാവികള്‍ കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനോട് ആവശ്യപ്പെട്ടു. ഭിന്നശേഷിയുളള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലംമാറ്റുമ്പോള്‍ പൊതുസ്ഥലംമാറ്റ മാനദണ്ഡത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിക്കൊണ്ടുളള ഉത്തരവുകള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ലഭിച്ച പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്‍ അംഗം എന്‍. ബാബുവിന്റെ നിര്‍ദ്ദേശം. പ്രത്യേക ഇളവ് നല്‍കിക്കൊണ്ടുളള ഉത്തരവുകള്‍ പരിഗണിക്കാത്തത് ഇത്തരം കുട്ടികളോടുളള നീതിനിഷേധമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സര്‍ക്കാര്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരി പുതിയ അപേക്ഷ വകുപ്പുമേധാവിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിച്ച് അധികൃതര്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 45 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കണം.