മലയോര ഹൈവേയും തീരദേശ ഹൈവേയും ഉടന്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലയോര ഹൈവേയും തീരദേശ ഹൈവേയും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. മലയോര, തീരദേശ ഹൈവേകളുടെ നിര്‍മാണം സംബന്ധിച്ച് നാറ്റ്പാക് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് മാധ്യമപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ആഗസ്റ്റ് 29നാണ് മലയോര, തീരദേശ ഹൈവേകളുടെ നിര്‍മാണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന, ധനകാര്യമന്ത്രി കൂടി പങ്കെടുത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായത്. കേരളത്തിന്റെ പടിഞ്ഞാറ് വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 650 കി.മീ. ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയും കിഴക്ക് വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ 1267 കി.മീ. ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മിക്കാനാണ് തീരുമാനമായത്. ഈ ഹൈവേകളുടെ നിര്‍മാണം സംബന്ധിച്ച സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് ചെയര്‍മാനും നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയര്‍ കണ്‍വീനറുമായ മലയോരഹൈവേ കമ്മിറ്റിയും ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ കണ്‍വീനറായ തീരദേശ ദേശീയപാതാ കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശഹൈവേയുടെ പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴു മീറ്ററുമാണ്. അപൂര്‍വം ചില സ്ഥലങ്ങളില്‍ വീതി അഞ്ചരമീറ്ററാക്കി കുറച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഗതാഗതത്തിരക്കൊഴിവാക്കാന്‍ ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കും. തീരദേശഹൈവേ നിര്‍മാണത്തിന് ഏകദേശം അയ്യായിരം കോടിരൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ ഒഴികെയുള്ള പതിമൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് 1267 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മലയോര ഹൈവേ നിര്‍മിക്കാനുദ്ദേശിക്കുന്നത്. മരാമത്ത് വകുപ്പും നാറ്റ് പാക്കും നടത്തിയ സംയുക്ത പരിശോധനയില്‍ മലയോര ഹൈവേക്കായി കാസര്‍ഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 190 കി.മീറ്റര്‍ അടിയന്തരമായി ഏറ്റെടുക്കാനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഈ ഹൈവേയെ ബന്ധിപ്പിക്കുന്ന ഭാഗങ്ങള്‍ നിലവില്‍ വികസിപ്പിക്കുകയോ മറ്റു സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഏഴായിരത്തി അഞ്ഞൂറു കോടിയോളം രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇരു ഹൈവേകളുടെയും നിര്‍മാണപ്രവര്‍ത്തനം സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നാ്റ്റ്പാക്ക് സമര്‍പ്പിച്ചാലുടനെ കിഫ്ബിക്കു കൈമാറും. പരമാവധി പാരിസ്ഥിതിക സംരക്ഷണത്തോടെയാണ് ഹൈവേകളുടെ റൂട്ട് തീരുമാനിച്ചിട്ടുള്ളതെന്നും ആധുനിക സാങ്കേതിക വിദ്യകള്‍ നിര്‍മാണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമാരമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ.പി. പ്രഭാകരന്‍, നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍, നാറ്റ്പാക്ക് ഡയറക്ടര്‍ ശ്രീദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.