തോമസ് മാര്‍ തീമത്തിയോസ് എപ്പിസ്‌ക്കോപ്പാ മാരാമൺ കൺവൻഷൻ സ്വാധീനത്തെപ്പറ്റി സംസാരിക്കുന്നു ….

തോമസ് മാര്‍ തീമത്തിയോസ് എപ്പിസ്‌ക്കോപ്പാ മാരാമൺ കൺവൻഷൻ സ്വാധീനത്തെപ്പറ്റി സംസാരിക്കുന്നു ….

കണ്‍വന്‍ഷനുകള്‍ എന്നും സമ്മാനിക്കുന്നത് ദീപ്തമായ ഓര്‍മ്മകളും അനുഭവങ്ങളുമാണ്. ജീവിതത്തെ സ്പ ര്‍ശിക്കുന്ന ദൈവവചനപ്രഘോഷണം. പമ്പയുടെ വിരിമാ റില്‍ ആയിരങ്ങള്‍ക്കുനടുവിലാണ് താന്‍ ഇരിക്കുന്നത് എന്ന ചിന്ത ഉളവാക്കാത്ത അതിശയിപ്പിക്കുന്ന ശാന്തതയില്‍ ഇരുന്ന് ദൈവവചനം ശ്രവിച്ചിട്ടുളള ഓരോ വിശ്വാസിക്കും മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരു വികാരമാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുളള ക്രൈസ്തവ ഗാനങ്ങള്‍ പിറന്നതും മാരാമണ്‍ കണ്‍വന്‍ഷനുകളിലാണ്. ദൈവവചനത്തിന്റെ പൊരുള്‍ അറിയുന്ന, സഭയുടെ വിശാലമായ പ്രവര്‍ത്തന മേഖലകളെ അടുത്തറിയുന്ന, സഭകളുടെയും മതത്തിന്റെയും അപ്പുറത്തേയ്ക്ക് നീളുന്ന കൂട്ടായ്മയുടെ – ഒത്തുചേരലിന്റെ ഊഷ്മളത അനുഭവിക്കുന്ന അനുഗ്രഹത്തിന്റെ നാളുകള്‍. ഒരു നദി എപ്രകാരം അത് പിന്നിടുന്ന ദേശത്തെ ഫലഭൂഷ്ടമാക്കുമോ അപ്രകാരം കഴിഞ്ഞ അനേക വര്‍ഷങ്ങളായി ഈ കണ്‍വന്‍ഷനും അതിന്റെ അനുഭവങ്ങളും ലോകത്തിന് ഫലദായകമായി തീരുന്നു. മാര്‍ത്തോമ്മാ സഭയുടെ നവീകരണ കാലഘട്ടത്തിന് തുടക്കം കുറിച്ചത് മാരാമണ്ണും അതിന് ചുറ്റുമുളള പ്രദേശങ്ങളിലുമായിരുന്നു. ജാതിയുടേയും മതത്തിന്റെയും അതിരുകള്‍ ഇല്ലാത്ത ദൈവവചന പ്രഘോഷണം ഭാരതത്തില്‍ ആരംഭിച്ചതും ഈ കൊച്ചുഗ്രാമത്തില്‍ തന്നെയാണ് എന്നത് യാദൃശ്ചികതയ്ക്കപ്പുറത്തേക്കു നീളുന്ന ദൈവിക പദ്ധതി ആയിരുന്നു.
വെളളത്തിന്‍ മീതെ പരിവര്‍ത്തിച്ച ദൈവാത്മാവിന്റെ സാന്നിദ്ധ്യമാണ് ഓരോ വര്‍ഷവും പമ്പയുടെ മണല്‍പരപ്പില്‍ തിരിച്ചറിയുന്നത്. അത് അവിടെ കൂടുന്ന ജനങ്ങളെ ദൈവരാ ജ്യനിര്‍മ്മിതിയുടെ വിവിധ തലങ്ങളിലേയ്ക്ക് നയിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി അനസ്യൂതം തുടരുന്ന ഈ പ്രക്രിയ ഭാരതത്തിനകത്തും പുറത്തുമുളള മാര്‍ത്തോമ്മാ സഭയുടെ പ്രവര്‍ത്തന മേഖലകളെ വിസ്തൃതമാക്കുന്നു. സഭ അന്നും ഇന്നും വിശാലമാനവീകതയ്ക്കായി നിലകൊളളുന്നു. അതിനു ഉത്തമ ഉദാഹരണമാണ് മാരാമണ്‍ കണ്‍വന്‍ഷന്‍. ലോകത്തെ വിവിധ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍നിന്നുളള അനുഗ്രഹിക്കപ്പെട്ട പ്രഭാഷകരാണ് മുഖ്യ പ്രസംഗകരായി എത്തുന്നത്. വിവിധ സന്ദര്‍ഭങ്ങളില്‍ മറ്റ് മതനേതാക്കന്‍മാരും പ്രസംഗകരായിട്ടുണ്ട്. ഇതൊന്നും യേശുക്രിസ്തുവിനെക്കാള്‍ മറ്റൊന്നിനും പ്രാധാന്യം നല്‍കുന്ന അനുഭവമായിരുന്നില്ല. മറിച്ച് യേശു പഠിപ്പിച്ച സാര്‍വത്രിക സ്‌നേഹത്തിന്റെ പ്രായോഗികതയായിരുന്നു. മതമൗലീക വാദങ്ങളില്‍ നിന്ന് മലയാളികളെ ഒരളവുവരെ മാറ്റിനിര്‍ത്തുന്നതില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ സ്വാധീനം വലുതാണ്. സാമൂഹിക തിന്മകളോടുളള സഭയുടെ സന്ധിയില്ലാ സമരങ്ങളുടെ തുടക്കങ്ങള്‍ പലതും മാരാമണ്‍ മണപ്പുറത്തു നിന്നായിരുന്നു. ജാതി വ്യവസ്ഥിതി അതിന്റെ എല്ലാ തിന്മകളോടും കൂടി നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ ഒരുമിച്ചിരുന്നു ദൈവവചനം ശ്രവിക്കുന്ന ദൈവമക്കളുടെ കൂടിവരവായിരുന്നു മാരാമണ്‍ കണ്‍വന്‍ഷന്‍. പുകയിലയുമായി കണ്‍വന്‍ഷനില്‍ വന്നവര്‍ അത് ഉപേക്ഷിക്കുവാന്‍ ആഹ്വാനമുണ്ടായ പ്പോള്‍ മണല്‍പ്പുറത്ത് പുകയിലക്കൂനകള്‍ രൂപപ്പെട്ടതും മദ്യവര്‍ജ്ജന യോഗങ്ങളിലൂടെ, മദ്യപാനരോഗത്തില്‍ നിന്ന് വിടുതല്‍ പ്രാപിച്ചവരുടെ സാക്ഷ്യങ്ങളിലൂടെ അനേകംപേര്‍ സമാധാന ജീവിതത്തിലേയ്ക്ക് മടങ്ങിവരുന്നതും കണ്‍വന്‍ഷനില്‍ വ്യാപരിക്കുന്ന ദൈവകൃപയുടെ ഉദാഹരണങ്ങളാണ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ത്തോമ്മാ തിരുമേനിയിലൂടെ ഭൂഭവനദാന പ്രസ്ഥാനത്തെക്കുറിച്ച് കേരളം ആദ്യം ശ്രവിച്ചത് മാരാമണ്‍ കണ്‍വന്‍ഷനിലാണ്.
മാറുന്ന ലോകക്രമത്തില്‍ ഭീതിപ്പെടുത്തുന്ന വിധം അനാഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ തിരിച്ചറിവില്‍ രൂപപ്പെട്ടതാണ് ധര്‍മ്മഗിരി മന്ദിരം. ഭിക്ഷകൊടുക്കുന്നതില്‍ തീരുന്നതല്ല അശരണരോടുളള ഉത്തരവാദിത്വം എന്ന് മനസ്സിലാക്കിയ സഭ മന്ദിരപ്രസ്ഥാനം രൂപപ്പെടുത്തി. ഈ മഹാ പ്രസ്ഥാനത്തിന്റെ തുടക്കവും മാരാമണ്‍ കണ്‍വന്‍ഷനിലായിരുന്നു.
ക്രമമായി മണല്‍പ്പുറത്തുളള സ്റ്റാളുകള്‍ സന്ദര്‍ശിക്കു കയും ഓരോവര്‍ഷവും തങ്ങള്‍ കരുതി വെച്ച പണം സഭ യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സന്തോഷപൂര്‍വ്വം നല്‍കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. അവരെയോര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു. നമ്മുടെ മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍, അതിലുപരി നമ്മളെപ്പോലെ തന്നെയുളള എത്ര എത്ര ജീവിതങ്ങളാണ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മൂലം ജീവിതത്തിന്റെ സന്തോഷങ്ങളിലേ യ്ക്ക് മടങ്ങിവന്നിട്ടുളളത്. അവരുടെ ആഹ്‌ളാദങ്ങളില്‍ നമുക്കും പങ്കുചേരുവാനുളള അവസരങ്ങളാണ് ഈ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഇപ്രകാരം വിവിധ ദേശങ്ങളിലെ സഭാമക്കളുടെ വാര്‍ഷിക ഒത്തുചേരല്‍ അവരുടെ അനുഭവങ്ങളുടെയും സ്രോതസുകളുടെയും പങ്കുവെക്കലുകള്‍ക്ക് വേദിയായി തീരുന്നു.
നവീകരണ കാലഘട്ടത്തിനുശേഷം സഭ കടന്നുപോയ കഠിനമായ ശോധനകളില്‍ പതറാതെ നില്‍ക്കുവാന്‍ സഭയെ ഏറെ സഹായിച്ചത് മാരാമണ്‍ കണ്‍വന്‍ഷനായിരുന്നു. സഭയുടെ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങള്‍ക്കും കണ്‍വന്‍ഷന്റെ പങ്ക് വലുതാണ്.
നവീകരണ കാലഘട്ടത്തില്‍ സഭ പ്രഘോഷിച്ച ദൈവവചനം സമൃദ്ധിയുടെ വചനമായിരുന്നില്ല. ആദിമ നൂറ്റാണ്ടിലെ പീഢനങ്ങളുടെ നടുവില്‍, യുദ്ധങ്ങളുടെയും യുദ്ധ ശ്രുതികളുടേയും നടുവില്‍ ക്രിസ്തു ശിഷ്യര്‍ക്ക് കുരിശിലൂടെ ലഭിച്ച സമാധാനത്തിന്റെ, മരണത്തിനപ്പുറമുളള ഉയര്‍പ്പിന്റെ ഉറപ്പ് നല്‍കുന്ന ദൈവവചനമായിരുന്നു.

നൂറ്റാണ്ടുകള്‍ക്കിപ്പുറവും മാരാമണ്‍ കണ്‍വന്‍ഷനില്‍ മുഴങ്ങുന്നത് അതേ ശബ്ദം തന്നെയാണ്. ഭാരതസുവിശേ ഷീകരണം എന്നും കണ്‍വന്‍ഷന്റെ ലക്ഷ്യമാണ്, സഭയുടെ ഉത്തരവാദിത്വമാണ്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല. മറിച്ച് ദൈവം നമുക്ക് നല്‍കിയിട്ടുളള വിഭവങ്ങളെ ദൈവസ്‌നേഹത്തില്‍ പങ്കു വെക്കുന്നതിലൂടെ ദൈവത്തെ ലോകത്തിന് അനുഭവേദ്യമാക്കുന്ന ഉദ്യമം. അപ്രകാരം ജീവിതത്തിന്റെ അറ്റത്തോളം ക്രിസ്തുവിന്റെ സാക്ഷിയായിതീരുന്ന അനുഭവം. അതാണ് സുവിശേഷവേല. അതിനായി സമര്‍പ്പിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക സമര്‍പ്പണ ശുശ്രൂഷ കണ്‍വന്‍ഷനില്‍ നിര്‍വഹിക്കപ്പെടുന്നു.

എത്രനാള്‍ ഇനിയും മാരാമണ്‍ മണല്‍പ്പുറത്ത്…. എന്ന് എഴുതുവാനും പറയുവാനും സാധിക്കും എന്നറിയില്ല. ദൂരെ നിന്ന് നോക്കിയാല്‍ നയനാനന്ദകരമായ പച്ചപ്പ് എങ്ങും ദൃശ്യമാണ്. പക്ഷെ അടുത്തു ചെന്നാലോ ഇരിക്കുവാന്‍ പറ്റാത്ത വിധം ചെളി നിറഞ്ഞ അനുഭവം. ഇലച്ചാര്‍ത്തുളള അത്തിപോലെ ഫലം ഇല്ലാത്ത അവസ്ഥ. എക്കല്‍ കഴുകി കളഞ്ഞ് തന്റെ അടിത്തട്ട് ശുദ്ധമായി സൂക്ഷിക്കുന്ന സ്വഭാവമാണ് നദിക്ക് മുമ്പുണ്ടായിരുന്നത്. എന്നാല്‍ നദിക്ക് തന്റെ ശുദ്ധീകരണം നടത്താനാവാത്ത വിധം മനുഷ്യന്റെ സ്വാര്‍ത്ഥത നദിയുടെ അടിത്തട്ടില്‍ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. നമ്മുടെ സ്വാര്‍ത്ഥത നമ്മില്‍ മാലിന്യങ്ങള്‍ അടിയും വിധം ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. അനുതാപത്തിലൂടെ ഒരു ശുദ്ധീകരണ പ്രക്രിയക്ക് തയ്യാറാകാതെ പരീശനെപ്പോലെ ചേറിനെ മറയ്ക്കുന്ന പുല്‍പ്പുറങ്ങളുടെ മേനിപറച്ചിലുകാരായി നാം മാറുന്നു. മണല്‍പ്പരപ്പില്‍ ക്രമമായി നടക്കുന്ന ശുദ്ധീകരണ പ്രക്രിയയാണ് മണ്‍സൂണ്‍കാലത്തെ വെളളപ്പൊക്കം. എന്നാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥയില്‍ രൂപപ്പെട്ട പ്രകൃതിയുടെ താളംതെറ്റല്‍ നദിയുടെ ശുദ്ധീകരണം തടസ്സപ്പെടുത്തി. അതില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൊണ്ടേയിരിക്കുന്നു.

ദൈവവുമായുളള ബന്ധത്തില്‍ ക്രമമായ ആത്മീയ ജീവിതം മനുഷ്യജീവിതത്തെയും ശുദ്ധമായി സൂക്ഷിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നകന്ന ജീവിതശൈലി ആത്മീയ ജീവിതത്തില്‍ ക്രമഭ്രംശം ഉളവാക്കി. അത് വല്ലാതെ ചേറ് അടിയുവാനിടയായി. ഈ ചേറിനെ മറയ്ക്കുന്ന പുല്‍പ്പുറങ്ങള്‍ നാം രൂപപ്പെടുത്തി. ആത്മീയതയുടെ പുറംപൂച്ചുകള്‍ ഉപയോഗശൂന്യമായ അവസ്ഥയിലേയ്ക്ക് നമ്മെ എത്തിക്കുന്നു. അപരന് ഇരിക്കുവാന്‍ ഇടമില്ലാത്തവിധം നമ്മുടെ ജീവിതം മാറുന്നു.
ഇനിയും കഠിനമായ ഒരു ശുദ്ധീകരണ പ്രക്രിയയ്ക്ക് നാം തയ്യാറാകണം. നദിയുടെ അടിത്തട്ടിലെ ശുദ്ധമായ മണ ല്‍ത്തരികളെ മൂടിയ ചേറുപോലെ, ചേറ് കാണാത്തവിധം അവയെ മറക്കുന്ന പുല്‍ത്തകിടിപോലെ നമ്മിലെ ദൈവബോധത്തെ മൂടിയ സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ, ദൈവഹിതത്തിനെതിരായ ചേറുകളുടെയും അവയ്ക്ക് മുകളില്‍ വളര്‍ത്തിയ പുല്‍ത്തകിടിപോലെയുളള കപട ആത്മീയതയെയും നമുക്ക് നീക്കം ചെയ്യാം.