പോലീസ് പൂര്‍ണമായും ജനസൗഹൃദമാകണം: പിണറായി വിജയന്‍

പോലീസ് പൂര്‍ണമായും ജനസൗഹൃദമാകണം: പിണറായി വിജയന്‍
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിലും ജന സൗഹൃദ പോലീസ് സേവനം സാര്‍വത്രികമാക്കുന്നതിലും പോലീസ് സേന കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് സേനയില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികരംഗത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ ഉപയോഗപ്പെടുത്തി സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പോലീസിനെ കായികമായി നവീകരിക്കാനും സര്‍ക്കാര്‍ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും. പോലീസ് പൂര്‍ണമായും ജന സൗഹൃദ ശൈലിയിലേക്ക് മാറണം. പോലീസിനെ സംബന്ധിച്ച വിവരങ്ങളും സേവനങ്ങളും മൊബൈല്‍ വഴി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കും. പരാതികള്‍ സ്വീകരിക്കാനും ജനസുരക്ഷ ഉറപ്പു വരുത്താനും സഹായകമായ മൊബൈല്‍ ആപ്ലിക്കേഷനുകളും നടപ്പിലാക്കും. പോലീസ് സേനയിലെ അടിസ്ഥാന സൗകര്യങ്ങളും ആള്‍ശേഷിയും വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വനിതാ ബറ്റാലിയന്‍ രൂപീകരിക്കുന്നതിന് 451 പുതിയ തസ്തികകളും സേനയിലെ ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നാനൂറ് ഡ്രൈവര്‍ തസ്തികകളും സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക മികവ് കൈവരിക്കുന്നതോടൊപ്പം പോലീസ് സ്‌റ്റേഷനുകളുടെ ശുചിത്വം മെച്ചപ്പെടുത്താനും പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഎസ്.എന്‍.എല്ലുമായി കൈകോര്‍ത്ത് പോലീസ് സേനാംഗങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന സംഹിത പദ്ധതി, കേരള പോലീസില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എത്തിക്കല്‍ ഹാക്കര്‍മാരുടെ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള കാക്കി ഹാറ്റ്‌സ് പദ്ധതി, സി-ഡാക്കുമായി സഹകരിച്ച് പോലീസ് സേനാംഗങ്ങള്‍ക്ക് ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ക്ലോണ്‍ ഫ്രീ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആദ്യമായി പോലീസ് സേനാംഗങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ വിതരണം ചെയ്ത് 2009ല്‍ കേരള സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ മുപ്പത്തിയാറായിരത്തില്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ക്കു കൂടി നല്‍കുമ്പോള്‍ ആകെ അമ്പത്തിയൊന്നായിരത്തില്‍ പരം ഉദ്യോഗസ്ഥര്‍ക്ക് സിം കാര്‍ഡുകള്‍ ലഭിക്കും. കാക്കി ഹാറ്റ്‌സ് പദ്ധതിയിലൂടെ രണ്ടു വര്‍ഷത്തിനുള്ളില്‍ പരിശീലനം സിദ്ധിച്ച മുന്നൂറ് എത്തിക്കല്‍ ഹാക്കര്‍മാരുടെ യൂണിറ്റ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാവും. ക്ലോണ്‍ഫ്രീ സ്മാര്‍ട്ട് കാര്‍ുകള്‍ ഉദ്യോഗസ്ഥരുടെ ധനപരവും ഭരണപരവുമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഉദ്യോഗസ്ഥന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വി. എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം പറഞ്ഞു. ഐ.എം.ജി. ഡയറക്ടര്‍ സത്യജീത്ത് രാജന്‍, സി-ഡാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. രമണി, ബി.എസ്.എന്‍.എല്‍ ജനറല്‍മാനേജര്‍ എസ്. ജ്യോതി ശങ്കര്‍, ഐ.ജി. മനോജ് എബ്രഹാം കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി.കെ. പൃഥിരാജ്, കേരള പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ്. ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.