മാർത്തോമാ സഭയുടെ സുവിശേഷപ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 122-മത് മാരാമണ്‍ കണ്‍വൻഷന് ഫെബ്രുവരി 12 നു പമ്പാ മണൽപ്പുറത്തു തിരശീല ഉയരും. ഫെബ്രുവരി 19 വരെ കണ്‍വൻഷൻ പമ്പാ മണൽപ്പുറത്തു നടക്കും. പന്ത്രണ്ടാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വൻഷൻ ഉദ്ഘാടനംചെയ്യും.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ പ്രാർഥനയ്ക്കു നേതൃത്വം നൽകും.
മാർത്തോമ്മാ സഭയിലെ ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനിയോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവരെ കൂടാതെ ദൈവശാസ്ത്ര പണ്ഡിതരും പ്രസിദ്ധ സുവിശേഷ പ്രഭാഷകരുമായ ബിഷപ് എഡ്വേർഡ് മുകുന്ദലേലി റാമലോണ്ടി (ദക്ഷിണാഫ്രിക്ക), റവ. ക്ളെയോഫസ് ജെ. ലാറു (യുഎസ്എ), ലോർഡ് ഗ്രിഫിത്ത്സ് (യുകെ) എന്നിവർ ഇക്കൊല്ലത്തെ കൺവൻഷനിൽ മുഖ്യ പ്രസംഗകരായിരിക്കും.
13, 14 തീയതികളിൽ വൈകുന്നേരം നാലിന് കുടുംബവേദി യോഗങ്ങൾ നടക്കും. 15 -ന് രാവിലെ എക്യുമെനിക്കൽ യോഗത്തിൽ സെറാംപൂർ കോളജ് സെനറ്റ് ബിഷപ് ജോണ്‍ എസ്.സദാനന്ദയും ഉച്ചകഴിഞ്ഞ് 2 നു സാമൂഹ്യതിൻമകൾക്കെതിരെയുള്ള ബോധവത്കരണ യോഗത്തിൽ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാലസലർ ഡോ.സിറിയക് തോമസും മുഖ്യപ്രസംഗകരാകും.
വ്യാഴം മുതൽ ശനി വരെ യുവവേദി യോഗങ്ങൾ സംഘടിപ്പിക്കും. ഫാ. ഡേവിസ് ചിറമേൽ, ബെന്യാമിൻ, ഉഷ ടൈറ്റസ് എന്നിവർ നേതൃത്വം നൽകും. 18ന് രാവിലത്തെ യോഗം ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി സമ്മേളനമായി ക്രമീകരിക്കും.