അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി പാർട്ടി എംഎൽഎമാരുടെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മുഖ്യമന്ത്രി ഒ. പനീർശെൽവമാണ് താൻ സ്ഥാനമൊഴിയുകയാണെന്നും ശശികല മുഖ്യമന്ത്രിയാകണമെന്നും ഇന്നലെ പാർട്ടി ആസ്ഥാനത്തു നടന്ന യോഗത്തിൽ ആവശ്യപ്പെട്ടത്.
ശശികലയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിൽ നിയമസഭാകക്ഷിയോഗം ചേരുന്നതിനുമുന്പ് പനീർശെൽവം എത്തി ചർച്ച നടത്തിയിരുന്നു. മൂന്നു ദശാബ്ദക്കാലം മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിഴലായി നടന്ന ശശികല(62), ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം തമിഴ്നാടിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പനീർശെൽവം രാജിക്കത്ത് ഗവർണർക്ക് അയച്ചു.വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നു പനീർശെൽവം രാജിക്കത്തിൽ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിനുശേഷം പാർട്ടിയിൽ ഭിന്നതയുണ്ടാകാതിരിക്കാനാണു പനീർശെൽവത്തിന്റെ അഭ്യർഥന പ്രകാരം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പാർട്ടിയുടെ വിഷമസന്ധികളിൽ അമ്മയ്ക്കു തണലായി നിന്നു മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത് എന്റെ പ്രിയ സഹോദരൻ പനീർശെൽവമാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയും ഒരാൾതന്നെ ആകണമെന്ന നിയമസഭാംഗങ്ങളുടെ വികാരത്തെ മാനിക്കുന്നു. തുടർന്നും തമിഴ് ജനതയുടെ ക്ഷേമത്തിനായി പാർട്ടി നിലകൊള്ളും ശശികല പറഞ്ഞു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആറുമാസത്തിനുള്ളിൽ ശശികലയ്ക്കു നിയമസഭാംഗത്വം നേടേണ്ടിവരും.
മുതിർന്ന പാർട്ടി നേതാക്കളെ ജനറൽ സെക്രട്ടറിമാരായി നിയമിച്ചും വിമതശബ്ദങ്ങൾ അടിച്ചമർത്തിയും ഒരു മാസത്തെ ജനറൽ സെക്രട്ടറിപദം ശശികല സമർഥമായി വിനിയോഗിച്ചു. ജെല്ലിക്കെട്ടിന് അനുമതി നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ തമിഴ്നാട്ടിൽ പ്രക്ഷോഭം ശക്തമായപ്പോൾ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു ചർച്ച നടത്തി ഗവർണറെക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചതും തമിഴ്നാട് നിയമസഭയിൽ ഗവർണറുടെ ഓർഡിനൻസ് ബില്ലാക്കി നിയമസാധുത നല്കിയതും മുഖ്യമന്ത്രി പനീർശെൽവമാണ്. ഇതു പനീർശെൽവത്തിന്റെ പ്രതിച്ഛായ വർധിക്കാൻ ഇടയാക്കിയിരുന്നു.
ജയലളിതയെപ്പോലെ പാർട്ടിയുടെയും ഭരണചക്രത്തിന്റെയും കടിഞ്ഞാൺ തന്റെ കൈയിൽ ഭദ്രമാക്കാനുള്ള ശശികലയുടെ തീരുമാനത്തിനു പിന്നിൽ ഇതാണെന്നു വ്യക്തമാണ്. ജയലളിതയുടെ ഇഷ്ടവേഷമായ പച്ചനിറമുള്ള സാരിയും ബ്ലൗസുമണിഞ്ഞാണ് ചിന്നമ്മയെന്നു വിളിപ്പേരുള്ള ശശിലക ഇന്നലെ യോഗത്തിനെത്തിയത്.
അതേസമയം ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരേ ഡിഎംകെ വർക്കിംഗ് പ്രസിഡന്റും തമിഴ്നാട് പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരിക്കയാണ്. ജയലളിതയ്ക്കാണ് തമിഴ്ജനത വോട്ട് ചെയ്തതെന്നും വീട്ടുജോലിക്കാരിക്കല്ലെന്നും സ്റ്റാലിൻ പറഞ്ഞു.