ലോ അക്കാദമി കോളജിലെ ക്രമക്കേടുകള്‍;സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ലോ അക്കാദമി കോളജിലെ ക്രമക്കേടുകള്‍;സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ലോ അക്കാദമി ലോ കോളജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ കേരള സര്‍വകലാശാലയില്‍ തിങ്കളാഴ്ച നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം. യോഗത്തില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വമാണെന്ന് ആരോപണമുണ്ട്.

പകരം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് വി.സിയുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നപ്പോള്‍ മാനേജ്മെന്‍റ് അനുകൂല നിലപാടാണ് വി.സി സ്വീകരിച്ചിരുന്നത്. ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ജോലികളില്‍നിന്ന് ഡീബാര്‍ ചെയ്യാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.

കോളജിന്‍െറ അഫിലിയേഷന്‍ പിന്‍വലിക്കല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ സി.പി.എം അനുകൂല സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനത്തെുടര്‍ന്ന് പ്രമേയം വോട്ടിനിട്ട് തുടര്‍നടപടിക്കായി റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയതായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരമുള്ള നടപടിക്ക് നിര്‍ദേശിച്ച് വീണ്ടും സര്‍വകലാശാലക്ക് കൈമാറുകയായിരുന്നു.

ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടും കോളജിനും ലക്ഷ്മി നായര്‍ക്കുമെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാറും സിന്‍ഡിക്കേറ്റും മടിക്കുന്നെന്ന ആരോപണം ശക്തമായതിനിടെയാണ് നിര്‍ണായക യോഗം ചേരുന്നത്. ഉപസമിതി റിപ്പോര്‍ട്ടില്‍ കോളജിനെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍വകലാശാലതന്നെയാണെന്ന് കഴിഞ്ഞ യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ വാദിച്ചിരുന്നു.

എന്നാല്‍, ഇത് അംഗീകരിക്കാതെയാണ് സര്‍ക്കാറിന്‍െറ പരിഗണനക്കു വിട്ടത്. ഇതാണ് സര്‍ക്കാര്‍ വീണ്ടും സര്‍വകലാശാലയുടെ പരിഗണനക്കായി തിരിച്ചയച്ചത്. സിന്‍ഡിക്കേറ്റ് തിങ്കളാഴ്ച ചേരാനിരിക്കെ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രത്യേക യോഗം കെ.പി.സി.സി വിളിച്ചു. സിന്‍ഡിക്കേറ്റ് യോഗം രാവിലെ 10ന് ചേരാനിരിക്കെ രാവിലെ എട്ടിന് ഇന്ദിരഭവനില്‍ വി.എം. സുധീരന്‍െറ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം.

നേരത്തേ സിന്‍ഡിക്കേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ ഇടപെടല്‍.