മൂന്നുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ പണം കൈപ്പറ്റുന്നവര്‍ അത്രയും തന്നെ തുക പിഴയൊടുക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നിന് പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. അതേസമയം നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസ്, ബാങ്കിങ് സ്ഥാപനം, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മൂന്നുലക്ഷത്തില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്ക് അത്രയും തന്നെ തുക പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയത്. മൂന്നു ലക്ഷം രൂപയ്ക്കുമേലെയുള്ള ഇടപാടുകള്‍ തടയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു.
മൂന്നു ലക്ഷം രൂപയില്‍ കൂടുതല്‍ നോട്ട് ഒരു ദിവസംതന്നെ പലതവണയായി കൈപ്പറ്റിയാലും ശിക്ഷയുണ്ട്. ആഘോഷങ്ങള്‍, ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കും മൂന്നുലക്ഷമെന്ന പരിധി ബാധകമാണ്. എന്നാല്‍ ന്യായമായ കാരണത്താലാണെന്ന് ബോധ്യപ്പെടുത്താന്‍ ഇടപാട് നടത്തിയവര്‍ക്ക് കഴിഞ്ഞാല്‍ പിഴയുണ്ടാകില്ല. അഞ്ചുലക്ഷം രൂപയില്‍ കൂടുതലുള്ള ആഭരണ ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ സ്രോതസ്സില്‍നിന്ന് ഒരു ശതമാനം നികുതിയെന്ന നിലവിലെ നിബന്ധന പുതിയ നിയന്ത്രണം വരുന്നതോടെ ഒഴിവാക്കും.
ആരെങ്കിലും നാലു ലക്ഷം രൂപ കറന്‍സിയായി കൈപ്പറ്റിയാല്‍ അത്രതന്നെ തുക പിഴ നല്‍കേണ്ടിവരുമെന്ന് ഹസ്മുഖ് അദിയ പറഞ്ഞു. 50 ലക്ഷം രൂപയാണ് കൈപ്പറ്റുന്നതെങ്കില്‍ 50 ലക്ഷമായിരിക്കും പിഴ. മൂന്നുലക്ഷത്തിനു മുകളില്‍ പണമായി നല്‍കി, ഉപയോക്താവ് എന്തെങ്കിലും വാങ്ങിയാല്‍ കടയുടമ പിഴ നല്‍കേണ്ടി വരും.
ആഡംബര വസ്തുക്കൾ വാങ്ങിക്കൂട്ടി ആളുകള്‍ കണക്കില്‍പ്പെടാത്ത പണം ചെലവിടുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുതിയ നിയന്ത്രണത്തിലൂടെ പണം ഉപയോഗിച്ചുള്ള അനധികൃത ഇടപാടുകള്‍ക്ക് കടിഞ്ഞാണിടാനാകുമെന്നും വാദിക്കുന്നു
മൂന്നുലക്ഷത്തിനു മുകളില്‍ പണം ഒരാള്‍ക്കും കൈപ്പറ്റാന്‍ സാധിക്കാത്ത രീതിയില്‍, ആദായനികുതിനിയമത്തില്‍ 269 എസ്ടി എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ള ഭേദഗതി ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി കഴിഞ്ഞദിവസം അവതരിപ്പിച്ച പൊതുബജറ്റില്‍ പരാമർശിച്ചിരുന്നു.