കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞ് ലോക്സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്.
താൻ സംസാരിച്ചാൽ ഭൂകന്പമുണ്ടാകുമെന്നാണ് രാഹുൽ മുൻപ് പറഞ്ഞത്. ഇതിപ്പോൾ സത്യമായെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലുണ്ടായ ഭൂകന്പത്തെ ഉദ്ദേശിച്ച് മോദി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ജനാധിപത്യം ഒരു കുടുംബത്തിൽ കേന്ദ്രീകരിച്ചു നിൽക്കുകയാണ്. യുപിഎ ഭരണകാലത്ത് ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സർക്കാർ അത് തിരിച്ചുകൊണ്ടുവരാനാണ് പ്രവർത്തിക്കുന്നത്. മുൻപ് എത്രപണം നഷ്ടപ്പെട്ടു എന്ന് ചോദിച്ചിരുന്ന സ്ഥാനത്ത് രാജ്യത്തേക്ക് എത്രമാത്രം കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു എന്ന ചോദ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം രാജ്യത്തെ പാവങ്ങൾക്ക് വേണ്ടിയായിരുന്നു. അവർക്ക് അതിന്‍റെ ഗുണഫലം ലഭിക്കും. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നയാളും പാവപ്പെട്ടവർക്ക് അവകാശപ്പെട്ടത് നൽകണമെന്നും തന്‍റെ പോരാട്ടം അവർക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ട് നിരോധന വിഷയത്തിൽ സർക്കാർ എപ്പോഴും ചർച്ചയ്ക്ക് തയാറായിരുന്നു. എന്നാൽ പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഓടിയൊളിക്കുകയാണ് ചെയ്തത്. അവർക്ക് ചാനൽ ചർച്ചകളിലാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
താൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല. പക്ഷേ, സ്വാതന്ത്ര്യസമരകാലത്ത് മരിക്കാൻ കഴിയാത്ത തന്നെപ്പോലെയുള്ളവർ ഇപ്പോൾ രാജ്യത്തെ സേവിക്കുകയാണ്. അഴിമതിക്കെതിരായ തന്‍റെ പോരാട്ടം അവസാനിക്കില്ല. വൻ ശക്തികൾക്കെതിരേ നീങ്ങുന്പോൾ ജീവന് ഭീഷണിയുണ്ടാകും. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാലും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.