Monday, October 7, 2024
HomeNationalജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ

ജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ

ജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ
ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ വിമർശിച്ച് കൂടുതൽ പാർട്ടി നേതാക്കൾ രംഗത്തെത്തി. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്നും അവരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നെന്നും ആരോപിച്ച് തമിഴ്നാട് മുൻ സ്പീക്കർ പി.എച്ച് പാണ്ഡ്യൻ രംഗത്തെത്തി. ജയലളിയുടെ മരണത്തിൽ ശശികലയുടെ പങ്ക് അന്വേഷണ വിധേയമാക്കണം. പോയസ് ഗാർഡനിൽ വെച്ച് തർക്കമുണ്ടാവുകയും ജയലളിതയെ പിടിച്ചുതള്ളിയതായും അദ്ദേഹം ആരോപിച്ചു.

ശശികല തന്നെ ഇല്ലാതാക്കുമെന്ന് ജയലളിതക്ക് ഭയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  ശശികലയുടെ കടന്നുവരവിനെ ശക്തമായി എതിർക്കുന്നു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയാകുന്നതിനോ തമിഴ്നാട് മുഖ്യമന്ത്രിയാവുന്നതിനോയുള്ള ഗുണമേന്മ ശശികലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ വിയോഗദുഖത്തിൽ നിന്നും ഇപ്പോഴും മുക്തനാകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പദവികളൊന്നും വേണ്ടെന്നായിരുന്നു അമ്മയുടെ വിയോഗ സമയത്ത് ശശികല പറഞ്ഞിരുന്നത്. ജനറൽ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനും ശശികല എന്തിനാണിത്ര ധൃതി കാണിക്കുന്നത്. താൽക്കാലിക ജനറൽ സെക്രട്ടറി പദവി തന്നെ ശരിയല്ലെന്നും പിന്നെ എങ്ങനെയാണ് ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. എം.ജി.ആർ മന്ത്രിസഭയിൽ സ്പീക്കറായിരുന്ന പാണ്ഡ്യൻ ജയലളിതയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ്. ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത് താൻ ഇഷ്ടപ്പെടുന്നില്ളെന്ന് ഒരിക്കൽ ജയലളിത തന്നോട് പറഞ്ഞെന്ന് അവകാശപ്പെട്ട്  പി.എച്ച് പാണ്ഡ്യൻെറ മകൻ മനോജ് പാണ്ഡ്യനും വെളിപ്പെടുത്തൽ നടത്തി.

അതേസമയം പാണ്ഡ്യൻെറ ആരോപണങ്ങൾ പാർട്ടിയുടെ ഒൗദ്യോഗിക നേതൃത്വം തള്ളി. ജയയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പാണ്ഡ്യൻ ഡി.എം.കെയുടെ വാദമാണ് ഉയർത്തുന്നതെന്നും നേതൃത്വം വ്യക്തമാക്കി. ഡോക്ടർമാർക്ക് മാത്രം സംസാരിക്കാൻ കഴിയുന്ന കാര്യമാണിത്. ജയലളിതയെ വിഷം നൽകി അപായപ്പെടുത്തിയതാണെന്ന വാദത്തെ എ.ഐ.എ.ഡി.എം.കെ പൂർണ്ണമായും തള്ളുകയാണെന്ന് മുതിർന്ന പാർട്ടി നേതാവ് പി.എസ് രാമചന്ദ്രൻ പറഞ്ഞു. ശശികലയുടെ സത്യപ്രതിഞ്ജയുടെ കാര്യം തങ്ങൾ ഗവർണറോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിൻെറ സൗകര്യം നോക്കി സമയം തീരുമാനിക്കുമെന്നും രാമചന്ദ്രൻ അറിയിച്ചു. ഗവർണറെ നിർബന്ധിക്കാൻ തങ്ങൾക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിൽ നിന്നും ചിന്നമ്മയെ ആർക്കും തടയാനാകില്ലെന്ന് കെ.എ. സെങ്കോട്ടയൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments