കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം റദ്ദാക്കും

muthalaq

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപനം. എഐസിസി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുസ്മിത ദേവിന്റെ പ്രഖ്യാപനം. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ല് മുസ്ലിം സ്ത്രീകളെ ഒരിക്കലും ശാക്തീകരിക്കുന്നതല്ല എന്ന് സുസ്മിത ദേവ് പറഞ്ഞു. എന്നാല്‍ മുസ്ലിം പുരുഷന്‍മാരെ ശിക്ഷിക്കുന്നതാണ്. മുസ്ലിം പുരുഷന്‍മാരെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും മാത്രമായുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ഉപകരണമാണ് മുത്തലാഖ് ബില്ല് എന്ന് സുസ്മിത ദേവ് പറഞ്ഞു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. മുത്തലാഖ് നിരോധിച്ച്‌ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശക്തമായ ബദല്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുത്തലാഖ് ബില്ല് കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ ഇരുസഭകളും കടന്നില്ല. പകരം ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്. ആദ്യ ഓര്‍ഡിനന്‍സ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് വീണ്ടും പുതുക്കി ഇറക്കുകയും ചെയ്തു. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥ പ്രകാരം, മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷന് ജയില്‍ ശിക്ഷ ലഭിക്കും. മൂന്ന് വര്‍ഷം തടവാണ് ശിക്ഷ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിനായിരിക്കും അധികാരമെന്നും ബില്ലില്‍ പറയുന്നു. ന്യൂനപക്ഷത്തെ തലോടി വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി.