ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം ആഘോഷം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ പിറന്നാളാഘോഷത്തിന് ഈ പാശ്ചാത്യസംസ്‌കാരം പിന്തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
കേക്ക് മുറിക്കലിനുപകരം പിറന്നാള്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന
കേക്ക് മുറിക്കലിനുപകരം പിറന്നാള്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകളുമായാണ് ആഘോഷിക്കേണ്ടത്. ബിഹാറിലെ ഔറംഗാബാദില്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളില്‍പോലും ഇന്ത്യന്‍സംസ്‌കാരത്തിന് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ അമ്മമാരെ മമ്മിയെന്നും അച്ഛന്‍മാരെ പപ്പാ എന്നും വിളിക്കുന്നത് വ്യാപകമാകുന്നു. ബന്ധങ്ങളിലെ അടുപ്പം നഷ്ടപ്പെടുത്തുന്നവയാണ് ഇത്തരത്തിലുള്ള വിളികള്‍. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ട സമയമാണിത്. രാജ്യത്തെ മുസ്‌ളിം ജനസംഖ്യ 21 കോടി കവിഞ്ഞു. ഈ സാഹചര്യത്തില്‍ ഇസ്ലാം മതത്തെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ല. വിഷയത്തില്‍ രാജ്യവ്യാപകമായി സംവാദങ്ങള്‍ നടക്കേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.