44 ദശലക്ഷം തൈറോയിഡ് രോഗികൾ ഇന്ത്യയിൽ
ഇന്ത്യയില്‍ തൈറോയിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 44 ദശലക്ഷം തൈറോയിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ പ്രമുഖ ഡയയോഗ്നസ്റ്റിക് കമ്പനിയായ എസ്‌ആര്‍എല്‍ ഗ്രൂപ്പ് ഭാരതത്തിലുടനീളം മൂന്ന് വര്‍ഷം നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.
എസ്‌ആര്‍എല്‍ ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ 20 ലക്ഷം പേര്‍ക്ക് തൈറോയിഡ് രോഗങ്ങള്‍ പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. ഇതില്‍ 25.3 ശതമാനം പേര്‍ക്ക് തൈറോയിഡ് ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ക്രമാതീതമായിട്ടാണ് ശരീരത്തിലുള്ളത്. ഭാരതത്തില്‍ സ്ത്രീകള്‍ക്കാണ് തൈറോയിഡ് സംബന്ധിച്ച് രോഗങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. 26 ശതമാനം സ്ത്രീകള്‍ക്ക് രോഗമുള്ളപ്പോള്‍ 24 ശതമാനം പുരുഷന്മാര്‍ക്കും തൈറോയിഡ് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വസിക്കുന്നവരിലാണ്(27%), ഇവര്‍ക്ക് തൊട്ടു പിന്നിലായി വടക്കേന്ത്യയും (26%). രാജ്യത്തിന്റെ തെക്ക് ,പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് താരതമ്യേന തൈറോയിഡ് പ്രശ്നങ്ങള്‍ കുറവാണ് (22%).
തൈറോയിഡ് പ്രശ്നങ്ങള്‍ കൊണ്ട് ഒരു മനുഷ്യനില്‍ നിരവധി രോഗാവസ്ഥകള്‍ കടന്നു വരാം. അതില്‍ പ്രധാനം ഹൈപ്പര്‍തൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവുമാണ്. അമിത കോപം, അകാരണമായി തൂക്കം കുറയല്‍, വര്‍ധിച്ച ഹൃദയമിടിപ്പ്, വയറിളക്കം, ആര്‍ത്തവ ക്രമക്കേടുകള്‍, ഈര്‍ഷ്യ, ഉത്കണ്ഠ, വികാര വൈകല്യങ്ങള്‍, കണ്ണ് പുറത്തേക്കു തള്ളിവരല്‍, പേശികളുടെ ബലക്കുറവ്, ഉറക്കമില്ലായ്മ, മെലിച്ചില്‍, വരണ്ട മുടി എന്നിവയാണ് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷങ്ങള്‍.
ശാരീരികവും മാനസികവുമായ മന്ദത, അകാരണമായി വണ്ണംവെക്കല്‍, മുടികൊഴിച്ചില്‍, മലബന്ധം, തണുപ്പ് സഹിക്കാന്‍ പറ്റാതെ വരല്‍, ആര്‍ത്തവ ക്രമക്കേടുകള്‍, വിഷാദം, സ്വരമാറ്റം (നേര്‍ത്തതോ പരുപരുത്തതോ ആയ സ്വരം), ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയവ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്.