ബോംബിന് ‘അമ്മ’, ‘മാതാവ്’ തുടങ്ങിയ വിശേഷണങ്ങൾ നൽകിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മാർപാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ

ബോംബിന് ‘അമ്മ’, ‘മാതാവ്’ തുടങ്ങിയ വിശേഷണങ്ങൾ നൽകിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മാർപാപ്പ. അമേരിക്കയുടെ വിനാശകാരിയായ ഭീമന്‍ ബോംബിന് നല്‍കിയ പേരിനെയാണ് പോപ്പ് ഫ്രാന്‍സിസ് മാർപാപ്പ വിമർശിച്ചത്.

ഏതാനും ദിവസം മുൻപ് അഫ്ഗാനിസ്ഥാനിൽ യുഎസ് പ്രയോഗിച്ച, അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബായ ജിബിയു– 43യെ, ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നു വിളിക്കുന്നതിനെയാണ് മാർപാപ്പ വിമർശിച്ചത്. ശനിയാഴ്ച വത്തിക്കാനിൽ ഒരു കൂട്ടം വിദ്യാർഥികളുമായി സംവദിക്കുമ്പോഴായിരുന്നു മാർപാപ്പയുടെ പരാമർശം.

ഈ പേര് കേട്ടപ്പോള്‍ തനിക്ക് ലജ്ജ തോന്നിയെന്ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍ മാർപാപ്പ പറഞ്ഞു. ജീവന്‍ നല്‍കുന്ന ആളാണ് അമ്മ. ബോംബുകളാകട്ടെ മരണവും. എന്നിട്ടും ഇതിനെ ‘അമ്മ’ എന്നു നാം വിശേഷിപ്പിക്കുന്നു. എന്തുകൊണ്ടാണിത്? – മാർപാപ്പ ചോദിച്ചു.