Thursday, April 25, 2024
HomeKeralaഎടത്വാ പള്ളി തിരുനാള്‍

എടത്വാ പള്ളി തിരുനാള്‍

ഭക്തിയുടെ നിറവില്‍ ചരിത്രപ്രസിദ്ധമായ എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാപള്ളിയില്‍ പ്രധാന തിരുനാള്‍ ഏപ്രില്‍ 27 നു കൊടിയേറി. ആയിരക്കണക്കിന്‌ തീര്‍ഥാടകരാണ് എല്ലാ വർഷവും എടത്വ പള്ളിയിലെ പെരുന്നാളിന് എത്തിച്ചേരുന്നത്. തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നാണ്‌ കൂടുതല്‍ വിശ്വാസികളും തിരുന്നാളിനെത്തുന്നത്. ഏപ്രില്‍ 27 നു കൊടിയേറിയ തിരുനാൾ മേയ്‌ 14 ന്‌ എട്ടാമിടത്തോടെ സമാപിക്കും.

കേരളത്തിലെ പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് എടത്വ പള്ളി. വിശുദ്ധ ഗീവര്‍ഗീസിന്റെ നാമധേയത്തിൽ സ്ഥാപിതമായ എടത്വ പള്ളി പമ്പയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 1810 ൽ സ്ഥാപിതമായ ഈ പള്ളിയിൽ വന്നു പ്രാർത്ഥിക്കുന്ന മാനസിക രോഗികൾക്കും മറ്റും സുഖം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കോയില്‍മുക്കുപള്ളിയെന്നറിയപ്പെട്ട പള്ളിയാണ് പിന്നീട് എടത്വ പള്ളിയെന്ന പേരിൽ അറിയപ്പെടാന്‍ തുടങ്ങിയത്. തിരുവല്ലയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്തിൽ നിലകൊള്ളുന്ന ഈ പള്ളിയുടെ നിർമ്മാണ രീതി മധ്യകാലയൂറോപ്യന്‍ ദേവാലയങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടക്കുന്ന പ്രദക്ഷിണത്തില്‍ ആദ്യം വിശുദ്ധന്റെ കൊടിയും പിന്നില്‍ പൊന്‍, വെള്ളി കുരിശുകളും മെഴുകുതിരികളും വിശുദ്ധരുടെ രൂപങ്ങളും നൂറ്‌ കണക്കിന്‌ മുത്തുകുടകളും പ്രദക്ഷിണ വീഥിയില്‍ അണിചേരുകയും തുടർന്ന് വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ അദ്‌ഭുതരൂപം പുറത്തേക്ക്‌ എഴുന്നള്ളിക്കുകയും ചെയ്തുകൊണ്ടാണ് സമാപനം കുറിക്കുന്നത്.

എടത്വ പള്ളി തിരുനാളിന് ഇത്തവണ വെടിക്കെട്ടിനു പകരം അർഹരായ നൂറു പേർക്ക് വീട് പണിത് നൽകുവാനുള്ള ക്രമീകരണമാണ് ചെയ്തത്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്ന മാറ്റി വെച്ച വെടിക്കെട്ടിനായുള്ള തുകയാണ് വീട് പണിക്കു ഉപയോഗിച്ചത്. 14 ലക്ഷം രൂപയോളം വിവിധ സഹായമായി നൽകി.
ഇന്ന് വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റും നടന്നു.രാവിലെ 10.30 ന് ലത്തീന്‍ ക്രമത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് തിരുവന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ റവ. ഡോ. ക്രിസ്തുദാസും മൂന്നിന് തമിഴില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ധര്‍മ്മപുരി രൂപതാ മെത്രാന്‍ റവ. ഡോ. ലോറന്‍സ് പയസും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

നാല് മണിക്ക് വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രധാന പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനായി ആയിരങ്ങൾ ഇന്നലെ രാത്രി തന്നെ പള്ളിയില്‍ എത്തിയിരുന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള ചെറിയ പ്രദക്ഷിണം ഇന്നലെ നടന്നു. പൂക്കളും വെറ്റിലകളുമായി ആയിരക്കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണ വീഥിയില്‍ അണിനിരന്നു. വൈകുന്നേരം 5.30 നാരംഭിച്ച പ്രദക്ഷിണത്തിന് ഫാ. മാത്യു പുല്ലാട്ട് മുഖ്യകാര്‍മ്മികനായി. അസ്സി. വികാരിമാരായ ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുര, ഫാ. ആന്റണി തേവാരില്‍, ഫാ. വര്‍ഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. തോമസ് കാട്ടൂര്‍, ഫാ. ജോര്‍ജ് ചക്കുങ്കല്‍, ഫാ. വില്‍സണ്‍ പുന്നക്കാലായില്‍, ഫാ. റോജിന്‍ തുണ്ടിപ്പറമ്പില്‍, ഫാ. ഡേവിഡ് മൈക്കിള്‍, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍, കൈക്കാരന്മാരായ വര്‍ഗീസ് എം.ജെ. മണക്കളം, വിന്‍സെന്റ് തോമസ് പഴയാറ്റില്‍, പി.ഡി. ആന്റണി പഴയമഠം, ജോയിന്റ് കണ്‍വീനര്‍മാരായ കുരുവിള ജോസഫ് പുന്നാടംപാക്കല്‍, ജയന്‍ ജോസഫ് പുന്നപ്ര, കണ്‍വീനര്‍മാരായ പ്രൊഫ. ജറോം പി.വി., ബിനോയ് ഉലക്കപാടില്‍, ബേബിച്ചന്‍ കടമ്മാട്ട്, പ്രൊഫ. ജോജോ ജോസഫ്, മറിയാമ്മ കല്ലൂപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments