ബാബറി മസ്ജിദ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു വിചാരണയ്ക്കായി എല്ലാ ദിവസവും നേരിട്ട് ഹാജരാകുന്നതിൽനിന്നു ബിജെപി നേതാക്കൾക്ക് ഇളവ്. ലക്നോ സിബിഐ വിചാരണ കോടതിയാണ് എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവർക്കു ഇളവ് അനുവദിച്ചത്. എല്ലാ ദിവസവും കോടതിയിൽ നേരിട്ട് ഹാജരാക്കുന്നതിൽനിന്നു ഇളവ് അനുവദിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ലക്നോ സിബിഐ കോടതിയിലാണ് ബാബറി മസ്ജിദ് കേസിന്‍റെ വിചാരണ നടക്കുന്നത്. ബാബറി മസ്ജിദ് കേസില്‍ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അഡ്വാനി അടക്കമുള്ളവര്‍ക്കെതിരായ കേസിന്‍റെ വിചാരണ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. മതിയായ കാരണം കൂടാതെ കേസ് മാറ്റിവെക്കാന്‍ പാടില്ലെന്നും കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ പാടില്ലെന്നും ഇടവേളകളില്ലാതെ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.