മദ്യപിച്ച്‌ യാത്ര ചെയ്തതിന് സസ്‌പെന്‍ഷനിലായ ഇ.ജെ.ജയരാജിനെ ബറ്റാലിയന്‍ ഐ.ജിയാക്കി

keralapolice

മദ്യപിച്ച്‌ ലക്കുകെട്ട് പൊലീസ് വാഹനത്തില്‍ അപകടകരമായി യാത്ര ചെയ്തതിന് സസ്‌പെന്‍ഷനിലായ മുന്‍ ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഐ.ജി ഇ.ജെ.ജയരാജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ബറ്റാലിയന്‍ ഐ.ജിയായിട്ടാണ് നിയമനം. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സസ്‌പെന്‍ഷന്‍ അവലോകന സമിതി അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ഒക്‌ടോബര്‍ 31ന് സസ്‌പെന്‍ഷനിലായ ജയരാജനെതിരെ വകുപ്പ്തല അന്വേഷണം പുരോഗമിക്കുന്നുണ്ട്. 2016 ഒക്‌ടോബര്‍ 25ന് കൊട്ടാരക്കരയില്‍ സുഹൃത്തിന്റെ സല്‍കാരത്തിന് ശേഷം മദ്യലഹരിയില്‍ യാത്ര ചെയ്ത ഐ.ജിയെയും ഡ്രൈവര്‍ സന്തോഷിനെയും പഴയ പൊലീസ് സ്‌റ്റേഷനു മുന്നില്‍ വച്ചാണ് അഞ്ചല്‍ പൊലീസ് പിടികൂടിയത്. സീനിയര്‍ സി.പി.ഒ ആയ സന്തോഷിനെതിരേ അന്ന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഡ്രൈവര്‍ക്കെതിരേ മാത്രം നടപടിയെടുത്ത് ഐ.ജിയെ രക്ഷിക്കാനായിരുന്നു ശ്രമമെങ്കിലും ഡി.ജി.പി കര്‍ശന നിലപാടെടുത്തു. ഉടന്‍ നടപടിയെടുക്കണമെന്ന കൊല്ലം റൂറല്‍ എസ്.പി ബി.അശോകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സന്തോഷിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ.ആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷിനെ ഏറെക്കാലമായി ജയരാജ് ഒപ്പം കൂട്ടിയിരിക്കുകയായിരുന്നു.ജയരാജ് നേരത്തെയും സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഡി.ഐ.ജി റാങ്കില്‍ ലീഗല്‍ മെട്രോളജി ഡയറക്ടറായിരിക്കെ, ജനശതാബ്ദി ട്രെയിനില്‍ മദ്യലഹരിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയിരുന്നു. ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരിയുടെ ലാപ്‌ടോപ്പുമെടുത്ത് പ്ലാറ്റ്‌ഫോമിലൂടെ ഓടി. റെയില്‍വേ പൊലീസ് പിന്നാലെയും ഓടി. അന്ന് ജയരാജിനെതിരേ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശിക്ഷ താക്കീതില്‍ ഒതുക്കി സേനയില്‍ തിരിച്ചെടുക്കുകയും ഐ.ജിയായി സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു.