മൂന്ന് മാസത്തോളം മുമ്പ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച കുടുംബം പൊലീസിന് നൽകിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അസാധാരണമായൊന്നും സംഭവിക്കാത്തത് പോലെയാണ് കുടുംബാംഗങ്ങളുടെ പെരുമാറ്റം. ഭർത്താവ് തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി മരിച്ച സെയ്ദിന്റെ ഭാര്യ റാബിയ പൊലീസിനോട് പറഞ്ഞു.
രണ്ടുവർഷം മുമ്പ് കുടുംബം നടത്തിയ അജ്മീർ യാത്രയാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. അതുവരെ ബന്ധുക്കളോടും നാട്ടുകാരോടും നല്ല ബന്ധം പുലർത്തിയിരുന്ന കുടുംബം പൊടുന്നനെ വീട്ടിനുള്ളിൽ ഒതുങ്ങി. രണ്ട് പെൺകുട്ടികളുടെയും പഠനം നിർത്തി. മരിച്ച സെയ്ദും മൂത്ത മകൻ ഉവൈസും മാത്രമാണ് പിന്നീട് പുറത്തിറങ്ങിയത്. അവർ പോലും ആരുമായും സൗഹൃദം പുലർത്തിയില്ല. പൊന്നാനിയിൽ മദ്റസയിൽ ജോലി ചെയ്തിരുന്ന സെയ്ദും മലപ്പുറത്ത് പഠനം നടത്തിയിരുന്ന മകനും അവിടങ്ങളിലേക്ക് മാത്രം പോയി തിരിച്ചുവരും.
രോഗം ബാധിച്ച് സെയ്ദ് അവശനിലയിലായപ്പോൾ കുടുംബം മന്ത്രങ്ങളുമായി ചുറ്റുമിരിക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് നിലച്ചപ്പോൾ പ്രാർഥനകളും മന്ത്രങ്ങളുമായി ജീവൻ തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ കഴിഞ്ഞു. ഉപ്പ തിരിച്ചുവരുമെന്ന് ഉമ്മക്ക് ഇടക്കിടെ ദൈവിക വെളിപാടുണ്ടാകാറുണ്ടെന്ന് മക്കൾ പൊലീസിനോട് പറഞ്ഞു.
മരിച്ചെന്നുറപ്പായപ്പോൾ മുതൽ വെള്ളത്തുണി മൂടിയ മൃതദേഹം മുറിയിൽ അടച്ചിട്ട് സൂക്ഷിക്കുകയായിരുന്നു. ദിവസവും രാത്രി ഭാര്യയും മക്കളും മൃതദേഹത്തിന് ചുറ്റുമിരുന്ന് പ്രാർഥന നടത്തും. ദുർഗന്ധമുയരാൻ തുടങ്ങിയതോടെ കുന്തിരിക്കവും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു. നാട്ടുകാരെയും ബന്ധുക്കളെയും അകറ്റാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചു. സെയ്ദിന്റെ മരണശേഷം മകൻ തമിഴ്നാട്ടിൽ ഒരു മാസം ജോലിക്കു പോയിരുന്നു. അങ്ങനെ കിട്ടിയ തുക ഉപയോഗിച്ചാണ് വീട്ടിൽ ചെലവ് നടത്തിയതെന്നും ഇവർ പറയുന്നു.
മരണം നടന്നത് എന്നാണെന്ന ചോദ്യത്തിന് കുടുംബം കൃത്യമായ ഉത്തരം നൽകിയിട്ടില്ല. വീട് പൊലീസ് പൂട്ടി സീൽ ചെയ്തു. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. ദുരൂഹത നീങ്ങിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. സെയ്ദ് ജോലി ചെയ്തിരുന്ന പൊന്നാനിയിലെ സ്ഥാപനത്തിലും മകൻ പഠിക്കുന്ന മലപ്പുറത്തെ കോളജിലും അന്വേഷണത്തിന്റെ ഭാഗമായി അടുത്ത ദിവസം പോകുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് കൊളത്തൂർ ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി