പ്രവാസിഭാരതീയ ദിവസ്

ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പതിനാലാമതു പ്രവാസി ഭാരതീയ ദിവസില്‍ കേരളത്തിന്റെ പവലിയന്‍ സജ്ജമായി. പ്രകൃതി സൗഹൃദ മുളയും, വളളിപ്പടര്‍പ്പും ചേര്‍ന്ന പശ്ചാതലത്തിലാണ് ഇക്കുറി പവലിയന്‍ നിര്‍മ്മാണം. ഉത്സവച്ഛായയേകി കെട്ടുക്കാഴ്ചയുടെ പ്രതികമായി എട്ടുകുതിരകളും ശരറാന്തല്‍ ദീപങ്ങളും പവലിയന്‍ ആകര്‍ഷണീയമാകുന്നു. കേരള പവലിയനു പുറമേ കൈരളി ഹാന്‍ഡിക്രാഫ്ട്‌സ് സ്റ്റാളും നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് സ്റ്റാളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പദ്ധതി, ലൈഫ് എന്നിവയുടെ വിവരണങ്ങളുമായി പി.ആര്‍.ഡിയും, പ്രകൃതിഭംഗിയും, ആയുര്‍വേദ സുഖചികിത്സയും ആസ്വദിക്കാന്‍ കേരളത്തിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വിനോദ സഞ്ചാര വകുപ്പും, സ്റ്റാര്‍ട്ട് അപ് ഉള്‍പ്പെടെ നിക്ഷേപക സാധ്യതകളെക്കുറിച്ച് കെ.എസ്.ഐ.ഡി.സിയും, ഡിഫന്‍സ് പാര്‍ക്ക് മെഗാഫുഡ് പാര്‍ക്ക്, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ എന്നിവയുടെ വിവരണങ്ങളുമായി കിന്‍ഫ്രയും, റിക്രൂട്ട്‌മെന്റ് സഹായപദ്ധതികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അറിയിച്ച് നോര്‍ക്ക റൂട്ട്‌സ്, ഐ.ടി രംഗത്തെ നേട്ടങ്ങളുടെ വിവരണങ്ങളുമായി ടെക്‌നോപാര്‍ക്ക് എന്നിവ കേരള പവലിയന്‍ സജീവമാക്കുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ സന്ദേശം, കേരളത്തെക്കുറിച്ചും നോര്‍ക്കയെക്കുറിച്ചുമുളള വീഡിയോകള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാതോമസിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം കേരള പവലിയന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. രാവിലെ കേന്ദ്ര യുവജന ക്ഷേ മ സെക്രട്ടറി അമരേന്ദ്രകുമാര്‍ ദുബെ കേരള പവലിയന്‍ സന്ദര്‍ശിച്ചു.