ഇന്ത്യ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി മുസ്താഖ് മുഹമ്മദ് മിയ എന്ന ഫാറൂഖ് തക്‌ല ദുബായിൽ പിടിയിലായി .മുംബൈ സ്ഫോടനക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ കുറ്റവാളിയാണ് ഇയാൾ . കുപ്രസിദ്ധ ആഗോള കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയാണ് തക്‌ല. യുഎഇ ഭരണകൂടം ഇയാളെ നാടുകടത്താൻ അനുമതി നൽകിയതോടെ ഡൽഹിയിൽ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഗൂഢാലോചന, ആയുധം കൈയ്യിൽ വയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെയുള്ളത്. ഇയാളെ സിബിഐയുടെ പ്രത്യേക സംഘം ന്യൂഡൽഹിയിൽ ചോദ്യം ചെയ്തു. അധികം വൈകാതെ മുംബൈയിലെ ടാഡ കോടതിയിൽ ഇയാളെ ഹാജരാക്കും. ദുബായിൽനിന്നും തക്‌ലയെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. ദുബായിൽവച്ച് സിബിഐ സംഘത്തിന്റെ വലയിലായ ഇയാളെ നാടുകടത്താൻ ദുബായ് ഭരണകൂടം അനുവദിച്ചത് ശ്രദ്ധേയമായ നയതന്ത്രവിജയമായാണ് വിലയിരുത്തുന്നത്. മുംബൈയിലെ അധോലോക കുറ്റവാളിയായ അബു സലേമിനെ മുൻപ് പോർചുഗലിൽ നിന്ന് ഇന്ത്യയിലെത്തിക്കാനായെങ്കിലും അത് സലേമിന് വധശിക്ഷ ഒഴിവാക്കുമെന്ന ധാരണയ്ക്കുമേലായിരുന്നു. 1993ലെ മുംബൈ സ്ഫോടനക്കേസിൽ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെ തക്‌ലയ്ക്കെതിരെ 1995 ൽ റെഡ് കോർണർ നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാൾ ഇന്ത്യയിൽനിന്ന് കടന്നുകളയുകയായിരുന്നു. ദാവൂദ് സംഘത്തിന് വലിയ തിരിച്ചടിയാണ് തക്‌ലയുടെ അറസ്റ്റെന്ന് മുംബൈയിലെ മുതിർന്ന അഭിഭാഷകൻ ഉജ്വൽ നികം അഭിപ്രായപ്പെട്ടു. മുംബൈ സ്ഫോടനക്കേസിൽ പങ്കാളിത്തമുള്ള ഇയാൾ പിടിയിലായതോടെ കേസിലെ ദാവൂദ് ബന്ധത്തിനു കൂടുതൽ സ്ഥിരീകരണമാകുമെന്ന് ഉജ്വൽ നികം പറഞ്ഞു. മുംബൈയിൽ അതീവസുരക്ഷ ഏർപ്പെടുത്തിയ ആർതർ റോഡ് സെൻട്രൽ ജയിലിലാക്കുമെങ്കിൽ ഇന്ത്യയിലേക്കു മടങ്ങാൻ ദാവൂദ് സന്നദ്ധനാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇതിനിടെയാണ് ദാവൂദിന്റെ പ്രധാന കൂട്ടാളികളിൽ ഒരാളായ ഫാറൂഖ് തക്‌ല സിബിഐയുടെ പിടിയിലായെന്ന വാർത്ത വരുന്നത്. 1993 ൽ ദാവൂദ് സംഘത്തിന്റെ ആസൂത്രണത്തിൽ മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച 12 ബോംബുകൾ പൊട്ടിത്തെറിച്ച് എഴുന്നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
മുംബൈ സ്ഫോടനക്കേസ്സിലെ കുറ്റവാളി മുസ്താഖ് മുഹമ്മദ് മിയ പിടിയിലായി
RELATED ARTICLES