കൈക്കൂലി വിഷയത്തിൽ അഴിമതി വിരുദ്ധ ആൾരൂപമായ അരവിന്ദ് കേജ്‍രിവാളിൽ വിശ്വാസം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് രംഗത്തെത്തി. കഴിഞ്ഞ 12 വർഷമായി കേജ്‌രിവാളിനെ അറിയാമെന്നും അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന് വിശ്വസിക്കുന്നില്ലെന്നും കുമാർ വിശ്വാസ് വ്യക്തമാക്കി.
കേജ്‌രിവാൾ രണ്ടു കോടി രൂപ കൈക്കൂലി എഎപി സർക്കാരിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സത്യേന്ദ്ര ജയിനിൽനിന്ന് വാങ്ങുന്നത് കണ്ടതായി എഎപി സർക്കാരിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ജലവിഭവ മന്ത്രി കപിൽ മിശ്രയാണ് ആരോപിച്ചിരിക്കുന്നതു.
കഴിഞ്ഞ 12 വർഷമായി അറിയാവുന്ന ആളെന്ന നിലയിൽ കേജ്‍രിവാൾ കൈക്കൂലി വാങ്ങുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും അങ്ങനെ കരുതാൻ സാധ്യത വിരളമാണ്- വിശ്വാസ് പറഞ്ഞു. അഴിമതിക്കാരനാണെന്ന് തെളിഞ്ഞാൻ തന്നെ പുറത്താക്കാൻ കേജ്‌രിവാൾ തന്നെ നൂറു തവണ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പിഎസിക്കു മുന്നിൽ സത്യം വെളിപ്പെടുത്താൻ സത്യേന്ദ്ര ജയിനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സിബിഐയോ ഈ വിഷയം അന്വേഷിക്കട്ടെ – വിശ്വാസ് പറഞ്ഞു.
കേജ്‍രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹത്തിന്റെ പഴയ സഹയാത്രികനായ അണ്ണാ ഹസാരെ വ്യക്തമാക്കി. അഴിമതിക്കെതിരെ കഴിഞ്ഞ 40 വർഷമായി പോരാട്ടം നടത്തുകയാണ് ഞാൻ. അതിന്റെ ഒരു ഘട്ടത്തിൽ കേജ്‍രിവാളും എനിക്കൊപ്പമുണ്ടായിരുന്നു. ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന പ്രസ്ഥാനമാണ് കേജ്‍രിവാളിനെ ഡൽഹി മുഖ്യമന്ത്രി പദം വരെയെത്തിച്ചത്. ഇപ്പോൾ അതേ ആരോപണങ്ങൾ കേജ്‍രിവാളിനെതിരെയും ഉയരുന്നത് നിരാശാജനകമാണ്. എന്താണ് പറയേണ്ടതെന്നു പോലും അറിയില്ല – ഹസാരെ പറഞ്ഞു.
കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഡൽഹിയിലെ ബിജെപി അധ്യക്ഷൻ മനോജ് തിവാരി ആവശ്യപ്പെട്ടു. കേജ്‍രിവാൾ അഴിമതിക്കാരനാണെന്ന തന്റെ നിലപാട് ശരിവയ്ക്കുന്നതാണ് മിശ്രയുടെ വെളിപ്പെടുത്തലെന്നും തിവാരി ചൂണ്ടിക്കാട്ടി. കേജ്‍രിവാളിനെതിരെ സിബിഐ അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേജ്‌രിവാളിനെതിരായ മിശ്രയുടെ ആരോപണം യുക്തിരഹിതമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.