അഴിമതി വിരുദ്ധതയുടെ ആള്‍രൂപമായി കൊട്ടിഘോഷിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കോടികളുടെ അഴിമതി ആരോപണം. ശനിയാഴ്ച വരെ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍ മിശ്രയാണ് ഈ ആരോപണം ഉന്നയിച്ചത്.
മറ്റൊരു മന്ത്രിയായ സത്യേന്ദ്ര ജയിനില്‍ നിന്ന് കേജ്‌രിവാള്‍ രണ്ടു കോടി രൂപ കൈപ്പറ്റുന്നത് നേരിട്ട് കണ്ടെന്ന് കപില്‍ തെളിവു സഹിതം പറയുന്നു. കേജ്‌രിവാളിന് 50 കോടി രൂപയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് ജെയിന്‍ തന്നോട് വെളിപ്പെടുത്തിയെന്നും കപില്‍ ആരോപിച്ചു.
കപില്‍ മിശ്രയുടെ വെളിപ്പെടുത്തല്‍ ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ചു. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ആപ്പിനെ ഇതു കൂടുതല്‍ പ്രതിസന്ധിയിലാക്കി. ദല്‍ഹി മന്ത്രിസഭയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് കപില്‍ മിശ്ര രാജിവച്ചത്. കേജ്‌രിവാള്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ ഇന്നലെ രാവിലെ ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാളിന് കപില്‍ കൈമാറി. അഴിമതിയെപ്പറ്റിയുള്ള തെളിവുകള്‍ ഏത് ഏജന്‍സിക്ക് കൈമാറാന്‍ തയാറെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ അഴിമതി ആരോപണം സഹപ്രവര്‍ത്തകനില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
സത്യേന്ദ്ര ജെയിനില്‍ നിന്ന് വന്‍തുക വാങ്ങിയതെന്ന് എന്തിനെന്നു ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വിശദീകരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങളുണ്ടെന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി.