സ്വകാര്യ സ്വാശ്രയ കോളേജ് പ്രവേശനവും ഫീസും നിശ്ചയിക്കാന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ തുടര്‍ച്ചയായി പ്രവേശന നിയന്ത്രണ- ഫീസ് നിര്‍ണയ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതോടെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ ഫീസ് നിരക്ക് കുത്തനെ കുറയും. 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പൂര്‍ണ്ണമായും കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്ക് നിലനിര്‍ത്തിക്കൊണ്ടുള്ള പുതിയ േഫാര്‍മുല രൂപപ്പെട്ടുവരികയാണ്. ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് നിയമക്കുരുക്കില്‍പ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ പുതിയ ഫീസ് നിര്‍ണ്ണയകമ്മിറ്റി രൂപീകരിച്ചത്. ഇതോടെ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഫീസ് വര്‍ധന അസാധ്യമാകുമെന്ന് ബോധ്യമായതോടെയാണ് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ പുതിയ ഫോര്‍മുലയ്ക്ക് സന്നദ്ധമായത്.
നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുകയും ഏകീകൃത ഫീസ് വേണമെന്നുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മെറിറ്റ്-മാനേജ്‌മെന്റ് സീറ്റുകളില്‍ വെവ്വേറെ ഫീസ് അസാധ്യതമായത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്‌റ്റൈപ്പന്റ് നല്‍കിക്കൊണ്ട് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് കുറഞ്ഞ ഫീസ് നിശ്ചയിക്കുക. ഈ ഫീസ് നിരക്ക് കഴിഞ്ഞ വര്‍ഷത്തിനേത് തുല്യമാക്കാന്‍ മാനേജ്‌മെന്റുകള്‍ സമ്മതിച്ചത് സര്‍ക്കാര്‍ നിലപാടിന്റെ വിജയമായി.
മുമ്പ് സര്‍ക്കാര്‍ മൂന്ന് വട്ടം ചര്‍ച്ച നടത്തിയപ്പോഴും ഏകീകൃത ഫീസായി 15 ലക്ഷം രൂപ വേണമെന്ന പിടിവാശിയിലായിരുന്നു മാനേജുമെന്റുകള്‍. സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തയ്യാറാകാതെ വന്നതോടെ ഫീസ് നിര്‍ണയ സമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കി. 85 ശതമാനം മെറിറ്റില്‍ അഞ്ചര ലക്ഷം രൂപയും 15 ശതമാനം എന്‍ആര്‍ഐയില്‍ 20 ലക്ഷവുമാണ് നിശ്ചയിച്ചത്. കമ്മിറ്റു ഫീസ് നിശ്ചയിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നില്ല. തുടര്‍ന്നാണ് ഫീസ് കുറഞ്ഞെന്ന് ആരോപിച്ച് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് പുതിയ പ്രവേശന നിയന്ത്രണ- ഫീസ് നിര്‍ണ്ണയ കമ്മിറ്റി രൂപീകരിച്ചതോടെ മാനേജുമെന്റുകള്‍ക്ക് ബോധ്യമായി. തുടര്‍ന്നാണ് മുന്‍ വര്‍ഷത്തെ ഫീസ് നിരക്കില്‍ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചത്. എട്ട് മാനേജ്‌മെന്റുകള്‍ നേരിട്ട് സമ്മതമറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മെറിറ്റിലെ 20 ശതമാനം ബിപിഎല്‍/എസ്ഇബിസി സീറ്റുകളില്‍ 25000 രൂപയായിരുന്നു വാര്‍ഷിക ഫീസ്. ബാക്കി 30 ശതമാനം മെറിറ്റില്‍ 2.5 ലക്ഷം രൂപയായിരുന്നു ഫീസ്. സര്‍ക്കാരിന് അവകാശപ്പെട്ട മെറിറ്റില്‍ ഇതേ ഫീസ് നിരക്കില്‍ തന്നെ ഈ വര്‍ഷവും പ്രവേശിപ്പിക്കാമെന്നാണ് മാനേജുമെന്റുകള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതേ സമയം 35 ശതമാനം മാനേജുമെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം 11 ലക്ഷം രൂപയും 15 ശതമാനം എന്‍ആര്‍ഐയില്‍ 15 ലക്ഷവുമായിരുന്നു ഫീസ് നിരക്ക്. മാനേജുമെന്റിലും എന്‍ആര്‍ഐയിലും ഫീസ് കുട്ടണമെന്നാണ് മാനേജുമെന്റുകളുടെ പുതിയ ആവശ്യം.
അതേ സമയം നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുമ്പോള്‍ ഒരേ കോഴ്‌സിന് ഒന്നിലേറേ ഫീസ് ഘടന പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ നിയമവശങ്ങളും പരിശോധിച്ചുവരികയാണ്.