ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നുണ്ടായ ‘ജെറ്റ് ബ്ലാസ്റ്റി’ൽ അഞ്ചു പേർക്ക് നിസാര പരുക്കേറ്റു. വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞ് പാർക്കിങ്ങിനായി നീക്കുമ്പോൾ പുറകിൽ ഉണ്ടായിരുന്ന ഇൻഡിഗോ ബസിനുനേരെയാണ് ‘ജെറ്റ് ബ്ലാസ്റ്റ്’ ഉണ്ടായത്. ചൂടുള്ള വായു ശക്തമായി പ്രവഹിച്ചപ്പോൾ ബസിന്റെ ചില്ലുകൾ പൊട്ടിയാണ് അഞ്ചു പേർക്ക് പരുക്കേറ്റത്. വിമാന എഞ്ചിൻ പുറം തള്ളുന്ന ചൂടുള്ള വായു പ്രവാഹമാണ് ‘ജെറ്റ് ബ്ലാസ്റ്റ്’ എന്നറിയപ്പെടുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ബസിന്റെ വലതു ചില്ലാണ് തകർന്നതെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന ജീവനക്കാർ വിവരം ഉടൻ തന്നെ വിമാനത്താവള അധികൃതരെ അറിയിക്കുകയും പരുക്കേറ്റവരെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇൻഡിഗോയുടെ മുപ്പത്തിനാലാം നമ്പർ ബസ് 17 ബേയിലാണ് പാർക്ക് ചെയ്തിരുന്നത്. ഡൽഹി– മുംബൈ വിമാനത്തിലെ (6ഇ–191) യാത്രക്കാരുമായാണ് ബസ് എത്തിയത്. ഈ സമയം പാർക്കിങ്ങിനായി എത്തിയ സ്പൈസ് ജെറ്റ് എസ്ജി–253 എന്ന വിമാനത്തിൽ നിന്നാണ് ‘ജെറ്റ് ബ്ലാസ്റ്റ്’ ഉണ്ടായതെന്നു സ്പൈസ് ജെറ്റ് അധികൃതരും പറഞ്ഞു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. വിമാനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.