ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി തലയില്‍വെച്ച് സെല്‍ഫിയെടുത്തു. പ്രതി കൂട്ടുകാര്‍ക്ക് അയച്ച ഈ ചിത്രം ബിജെപി പ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ ആണ് എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബിജെപി ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി നല്‍കി. കോട്ടയം കുമരകത്ത് കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. മിഥുനെതിരെ മൂന്നു വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ 18 കേസുകള്‍ ഉണ്ട്. സംസ്ഥാനത്ത് സിപിഎം ബിജെപി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയത്തെ പ്രശ്‌നങ്ങളിലും ഇരു വിഭാഗങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ഒന്നാം തീയതി സമാധാന ചര്‍ച്ച നടത്തി സമാധാനത്തിലെത്തിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ അഞ്ചാംതീയതി കുമരകത്ത് വീണ്ടും സിപിഎം ബിജെപി സംഘര്‍ഷമുണ്ടായി. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മിഥുനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇന്നലെ രാവിലെ ഈസ്റ്റ് സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മിഥുനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈകിട്ടാണ് മിഥുന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്‌ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫി എടുത്തത്. മിഥുനെതിരെ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ് പറഞ്ഞു. തിങ്കളാഴ്ച പിടിയിലായപ്പോള്‍ പ്രതിയോട് പോലീസ് കാട്ടിയ സമീപനമാണിതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
എസ്‌ഐയുടെ തൊപ്പി തലയില്‍വെച്ച് സെല്‍ഫിയെടുത്ത പ്രതി
RELATED ARTICLES