നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി മജിസ്ട്രേട്ട് കോടതി ഈ മാസം 22 വരെ നീട്ടി. കോടതിൽ നേരിട്ട് ഹാജരാകുന്നതിനു പകരം വീഡിയോ കോൺഫറന്‍സിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. നേരിട്ട് ഹാജരാകുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് കോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് അനുവദിച്ചത്. പുതിയ അഭിഭാഷകൻ ബി. രാമൻപിള്ള ഈ ആഴ്ചതന്നെ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ചില പ്രമുഖർക്ക് കേസിലുള്ള ബന്ധം ഉറപ്പിക്കാനുള്ള തെളിവുകളുടെ ശേഖരണമാണ് അന്വേഷണ സംഘം ഇപ്പോൾ നടത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാദിർഷക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സഹോദരൻ സമദിനെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. കഴിഞ്ഞ മാസം 25നാണ് ദിലീപിനെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇത് മൂന്നാം തവണയാണ് ദിലീപിന്‍റെ റിമാൻഡ് നീട്ടുന്നത്. അതിനിടെ, ദിലീപിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാർ ദിലീപിനെ ജയിലിലെത്തി പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് അവർ റിപ്പോർട്ട് നൽകിയതായാണ് വിവരം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് കേസിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ നീട്ടി
RELATED ARTICLES