റിപ്പോർട്ടർ : പി പി ചെറിയാന്‍
മാത്യു കൊരട്ടിയിലിനെ (68) കൊലപ്പെടുത്തിയ കേസില്‍ പ്രതി ജെയ്‌സണ്‍ ഹാന്‍സന് (39) ഹില്‍സ്‌ബോറോ കൗണ്ടി കോടതി ജാമ്യം നിഷേധിച്ചു. ബുധനാഴ്ച ഉച്ചക്ക് ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലൂടെയാണ് കോടതി ഉത്തരവ് നല്‍കിയത് ഫസ്റ്റ് ഡിഗ്രി കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .
ബാങ്കില്‍ മോഷണം കഴിഞ്ഞ് മാത്യുവിന്റെ ലെക്സസ് എസ്.യു.വി. തട്ടിയെടുത്തു കടന്നു കളയുമ്ബോള്‍ ഹാന്‍സനെ ചെറുത്ത് മാത്യു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും, പിന്നാലെ എത്തിയ ഹാന്‍സന്‍ ആദ്യം കൈ കൊണ്ടും പിന്നീട് മാത്യുവിന്റെ തന്നെ ബെല്‍റ്റ് ഉപയോഗിച്ചും കഴുത്തു ഞെരിക്കുകയും മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം സേക്രഡ് ഹാര്‍ട്ട് ക്നാനയ സെന്ററിനു പിന്നില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കോടതിയില്‍ ഹാജരാക്കിയ അറസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഹാന്‍സനു 2003-ല്‍ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പതിനാറു വര്‍ഷം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ മാസം രണ്ടിനാണ് പുറത്തിറങ്ങിയത്.
മാത്യു കൊരട്ടിയിലിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച
പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 6 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട്ട് ക്നനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, ഫ്ളോറിഡ-33594
സംസ്‌കാരം: ഓഗസ്റ്റ് 10 ശനി: രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനം. 10:30 വി. കുര്‍ബാന, സംസ്‌കാര ശുശ്രൂഷ
തുടര്‍ന്ന് സംസ്‌കാരം ഹില്‍സ്ബോറോ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം, 2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്ലോറിഡ-33511